വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കിടയിൽ സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ ആശ്വാസമേകി ‘പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന’ ശ്രദ്ധേയമാകുന്നു. കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഈ പുരപ്പുറ സോളാർ സബ്സിഡി പദ്ധതി രാജ്യവ്യാപകമായി വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.
2024-ൽ ആരംഭിച്ച ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം ഒരു കോടി വീടുകളിൽ സൗരോർജ്ജ സംവിധാനം ഉറപ്പാക്കുക എന്നതാണ്. 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും 78,000 രൂപ വരെ സബ്സിഡിയും ഈ പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു.
ഈ പദ്ധതിയുടെ നടത്തിപ്പിൽ കേരളം ദേശീയ തലത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം, കേരളത്തിൽ നിന്ന് ഇതിനകം 3.49 ലക്ഷം അപേക്ഷകൾ ലഭിച്ചുകഴിഞ്ഞു.
ഇതിൽ 2.47 ലക്ഷം വീടുകളിൽ സോളാർ സംവിധാനം ഇതിനകം പ്രവർത്തനസജ്ജമാണ്. 938.74 മെഗാവാട്ട് ആണ് ഇതിന്റെ സംയോജിതശേഷി.
1650.34 കോടി രൂപയാണ് സബ്സിഡിയായി സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുള്ളത്. **സബ്സിഡി ലഭിക്കുന്ന രീതി:**
പദ്ധതി പ്രകാരം മൂന്ന് വിഭാഗങ്ങളിലായാണ് സബ്സിഡി അനുവദിക്കുന്നത്.
ഒരു കിലോവാട്ട് സോളർ സിസ്റ്റത്തിന് 30,000 രൂപ വരെയും, രണ്ട് കിലോവാട്ടിന് 60,000 രൂപ വരെയും സബ്സിഡി ലഭിക്കും. മൂന്ന് കിലോവാട്ട് ശേഷിയുള്ള പ്ലാന്റുകൾക്ക് പരമാവധി 78,000 രൂപയാണ് സബ്സിഡിയായി ലഭിക്കുക.
**വൈദ്യുതി ബിൽ ലാഭിക്കാം:**
ഉദാഹരണത്തിന്, പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഒരു കുടുംബം മൂന്ന് കിലോവാട്ട് സോളാർ സിസ്റ്റം സ്ഥാപിച്ചാൽ 250 മുതൽ 350 യൂണിറ്റ് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും. ഇത് വൈദ്യുതി ബിൽ ഏതാണ്ട് പൂജ്യത്തിലെത്തിക്കാൻ സഹായിക്കുന്നു.
അതേസമയം, ഒരു കിലോവാട്ട് സിസ്റ്റം വഴി 90 മുതൽ 120 യൂണിറ്റും, രണ്ട് കിലോവാട്ട് വഴി 180 മുതൽ 250 യൂണിറ്റും വൈദ്യുതി ലഭിക്കും. **ചെലവും നിക്ഷേപവും:**
ഒരു കിലോവാട്ട് സോളാർ സംവിധാനത്തിന് 60,000 മുതൽ 80,000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം.
സർക്കാർ സബ്സിഡി ലഭിച്ച ശേഷം ഉപഭോക്താവിന് 30,000 മുതൽ 50,000 രൂപ വരെയാകും യഥാർത്ഥ ചെലവ്. ഏകദേശം നാല് വർഷത്തിനുള്ളിൽ ഈ തുക ലാഭമായി തിരിച്ചുകിട്ടുമെന്നാണ് വിലയിരുത്തൽ.
രണ്ട് കിലോവാട്ട് സിസ്റ്റം സ്ഥാപിക്കാൻ 1.20 ലക്ഷം മുതൽ 1.60 ലക്ഷം രൂപയും, മൂന്ന് കിലോവാട്ടിന് 1.80 ലക്ഷം മുതൽ 2.5 ലക്ഷം രൂപയും വരെ ചെലവ് വരാം. അഞ്ച് മുതൽ ആറ് വർഷത്തിനുള്ളിൽ മുടക്കുമുതൽ തിരിച്ചുകിട്ടാൻ സാധിക്കും.
കൂടാതെ, അധികമായി ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതി കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് നൽകുന്നതിലൂടെയും ഉപഭോക്താക്കൾക്ക് സാമ്പത്തിക നേട്ടം ലഭിക്കുന്നു. വായ്പയെടുത്ത് സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നവർക്ക് മുടക്കുമുതൽ തിരികെപ്പിടിക്കാൻ ഒന്നോ രണ്ടോ വർഷം കൂടി അധികമായി വേണ്ടിവന്നേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

