യുഡിഎഫ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ ആരംഭിച്ചതോടെ, ആലപ്പുഴ ജില്ലയിൽ നിന്നുള്ള മന്ത്രിമാരെ സംബന്ധിച്ചുള്ള രാഷ്ട്രീയ ഉൽക്കണ്ഠകൾ വർധിക്കുന്നു.
കോൺഗ്രസിൽ നിന്ന് രമേശ് ചെന്നിത്തല, ഷാനിമോൾ ഉസ്മാൻ, എം.ലിജു എന്നിവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തേക്കായി പ്രധാനമായും ഉയർന്നു കേൾക്കുന്നത്. അതേസമയം, എൽഡിഎഫ് വിട്ട് യുഡിഎഫ് ചേരിയിലെത്തി വിജയിച്ച മൂന്നുപേരിൽ ഒരാളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ, മുൻമന്ത്രി ജി.സുധാകരന് നറുക്കുവീഴാനുള്ള സാധ്യതയും രാഷ്ട്രീയ കേന്ദ്രങ്ങൾ തള്ളിക്കളയുന്നില്ല.
മുഖ്യമന്ത്രി സ്ഥാനാർഥി പട്ടികയിൽ അവസാന നിമിഷം വരെ ഇടംപിടിച്ച രമേശ് ചെന്നിത്തലയ്ക്ക് നിർണായക വകുപ്പ് ലഭിക്കുമെന്നാണു വിലയിരുത്തൽ. 1982-ലെ കെ.
കരുണാകരൻ മന്ത്രിസഭയിൽ ഗ്രാമവികസന വകുപ്പും 2011-ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്ത അദ്ദേഹത്തിന്റെ അനുഭവസമ്പത്തും സീനിയോറിറ്റിയും നേതൃത്വം ഗൗരവമായി പരിഗണിക്കും. കോൺഗ്രസിലെ മുതിർന്ന വനിതാ എംഎൽഎ എന്ന നിലയിൽ ഷാനിമോൾ ഉസ്മാന്റെ സാധ്യതകളും ശ്രദ്ധേയമാണ്.
കെപിസിസി കോർ കമ്മിറ്റിയിലെ ഏക വനിതാ അംഗമായ അവർ രണ്ടാം തവണയാണ് നിയമസഭയിലെത്തുന്നത്. വി.ഡി.
സതീശനുമായുള്ള അടുത്ത ബന്ധവും ഇവർക്ക് അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നു. കെപിസിസി വൈസ് പ്രസിഡന്റ് എം.
ലിജു ആദ്യമായാണ് നിയമസഭാംഗമാകുന്നത്. എങ്കിലും പാർട്ടിയിലെ അദ്ദേഹത്തിന്റെ സീനിയോറിറ്റിയും സാമൂഹിക പ്രാതിനിധ്യവും മന്ത്രിസ്ഥാനത്തേക്കുള്ള പരിഗണനയിൽ നിർണായകമാകുമെന്നാണ് സൂചന.
നേരത്തെ എൽഡിഎഫ് മന്ത്രിസഭകളിൽ സഹകരണം, ദേവസ്വം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്ത ജി. സുധാകരന്റെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം നിലവിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.
മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ സ്പീക്കർ പദവിയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ജില്ലകളുടെ പ്രാതിനിധ്യം, സാമൂഹിക സന്തുലനം തുടങ്ങിയ ഘടകങ്ങൾ അന്തിമ തീരുമാനത്തെ സ്വാധീനിക്കുമെന്നതിനാൽ, പരിഗണിക്കപ്പെടുന്ന എല്ലാവർക്കും പദവി ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

