
കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പ് 2024 പുരോഗമിക്കെ നിര്‍ണായക പ്രഖ്യാപനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യാ മുന്നണിയെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് മമത വ്യക്തമാക്കി. ഹൂഗ്ലിയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി കൂടിയായ മമതയുടെ നിര്‍ണായക പ്രഖ്യാപനം എന്ന് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസുമായും സഹകരിക്കില്ല എന്ന് മമത നയം വ്യക്തമാക്കി.
‘400 സീറ്റുകള്‍ നേടുമെന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാല്‍ അത് സംഭവിക്കില്ല എന്ന് വോട്ടര്‍മാര്‍ പറയുന്നു. കള്ളന്മാരുടെ കൂട്ടമാണ് ബിജെപി എന്ന് രാജ്യമാകെ തിരിച്ചറിയുന്നു. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യാ സഖ്യത്തെ പുറത്തുനിന്ന് പിന്തുണയ്ക്കും’- മമത ഹൂഗ്ലിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വ്യക്തമാക്കി. അതേസമയം ബംഗാളില്‍ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും പിന്തുണയ്ക്കില്ല എന്ന് മമത പറഞ്ഞു. ‘ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസുമായി സഖ്യം പ്രതീക്ഷിക്കേണ്ട. അവര്‍ ഞങ്ങളുടെ കൂടെയില്ല. ബിജെപിക്കൊപ്പമാണ് സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ നിലകൊള്ളുന്നത്. കേന്ദ്രത്തിലെ ഇന്ത്യാ മുന്നണിക്കാണ് പിന്തുണ നല്‍കുന്നത്- എന്നും മമത ബാനര്‍ജി വിശദീകരിച്ചു.
നിലവില്‍ ഇന്ത്യാ സഖ്യത്തില്‍ ഔദ്യോഗികമായി ചേരാതെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ മത്സരിക്കുന്നത്. അതേസമയം ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും സീറ്റ് ധാരണ പ്രകാരം സഹകരിച്ചാണ് സംസ്ഥാനത്ത് മത്സരിക്കുന്നത്. സീറ്റുകളിലെ വിഭജന ധാരണയില്‍ ഇടത് പാര്‍ട്ടികള്‍ 30 മണ്ഡലങ്ങളിലും, 12 ഇടത്ത് കോണ്‍ഗ്രസുമാണ് ബംഗാളില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്നത്. രണ്ടര മാസക്കാലം നീണ്ട് പൊതു തെരഞ്ഞെടുപ്പ് നടത്തുന്ന ഇലക്ഷന് കമ്മീഷന്റെ തീരുമാനം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ് എന്ന് മമത വിമര്‍ശിച്ചു.
Last Updated May 16, 2024, 8:29 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]