പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ കുറവ് നിയമപാലനത്തെ ബാധിക്കുന്നു എന്ന പരാതികൾ സജീവമായി നിൽക്കുന്നതിനിടയിലാണ് അടിമാലി ടൗണിൽ തികച്ചും അപ്രതീക്ഷിതമായി കല്ലാർകുട്ടി റോഡ് പൊലീസ് കയ്യടക്കിയത് പ്രദേശവാസികളിൽ വലിയ കൗതുകം സൃഷ്ടിച്ചത്. ഇടയ്ക്കിടെ സെൻട്രൽ ജംക്ഷൻ മുതൽ മാർക്കറ്റ് റോഡ് വരെയുള്ള പാതയിലെ ട്രാഫിക് നിയന്ത്രണം കൂടി പൊലീസ് സംഘം നേരിട്ട് ഏറ്റെടുത്തത് ജനങ്ങളിൽ കൂടുതൽ ആശയക്കുഴപ്പവും ആകാംക്ഷയും വർധിപ്പിക്കാൻ ഇടയാക്കി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായുള്ള പൊലീസ് വേഷധാരികളാണെന്ന് വ്യക്തമായത്. യഥാർഥ പൊലീസും സിനിമാ പൊലീസും ഏതെന്നു തിരിച്ചറിയാൻ കഴിയാത്ത വിധമായിരുന്നു ഈ രംഗങ്ങൾ ചിത്രീകരിച്ചത്.
ഒരു പൊലീസ് വാനും രണ്ട് പൊലീസ് ജീപ്പുകളും കൂടാതെ ഒരു എക്സൈസ് ജീപ്പും രാവിലെ മുതൽ ടൗണിൽ നിലയുറപ്പിച്ചിരുന്നു. കെട്ട്യോളാണെന്റെ മാലാഖ, അഡിയോസ് അമീഗോ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ എഴുതിയ അടിമാലി സ്വദേശി അജി പീറ്റർ തങ്കം പുതുതായി തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആണ് ഇപ്പോൾ അടിമാലി ടൗണിലും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുന്നത്.
ദിലീഷ് പോത്തൻ, അൽഫോൺസ് പുത്രൻ എന്നിവർ നായകന്മാരായും സംവൃത സുനിൽ നായികയായും അഭിനയിക്കുന്ന ഈ ചിത്രത്തിൽ അടിമാലിയിൽ നിന്നുള്ള പ്ലസ്ടു വിദ്യാർഥിനിയും കലാകാരിയുമായ ശ്രീലക്ഷ്മി രഞ്ജിത്ത് ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

