ഉത്തരാഖണ്ഡിലെ ചമോലിയിൽ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം എട്ടായി ഉയർന്നു. ടണലിനുള്ളിൽ രണ്ട് തൊഴിലാളികൾ കൂടി കുടുങ്ങിക്കിടപ്പുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം.
വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് തുരങ്കത്തിലേക്ക് വെള്ളവും ചെളിയും ഇരച്ചുകയറിയാണ് തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ 14 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
എൻ.ഡി.ആർ.എഫും എസ്.ഡി.ആർ.എഫും സംയുക്തമായി ഹൈപവർ പമ്പുകളും റാഫ്റ്റുകളും ഉപയോഗിച്ച് തുരങ്കത്തിനുള്ളിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നേരിട്ട് വിലയിരുത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് സംസ്ഥാന ഭരണകൂടം എല്ലാ പിന്തുണയും ഉറപ്പുനൽകിയിട്ടുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡിൽ ആഗസ്റ്റ് 17 വരെ അതീവ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, അരുണാചൽ പ്രദേശിലെ ദിബാങ് താഴ്വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വലിയ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പ്രകൃതിക്ഷോഭത്തിൽ നാല് പ്രദേശവാസികൾ മരണപ്പെടുകയും അഞ്ച് സൈനികരെ കാണാതാവുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഈ ദുരന്തം ഉണ്ടായത്.
ദിബാങ് താഴ്വരയിലെ 5 -ാം ഗ്രനേഡിയേഴ്സിന്റെ പസു പാനി ആർമി ക്യാമ്പിലെ രണ്ട് താത്കാലിക വിശ്രമകേന്ദ്രങ്ങൾ പ്രളയജലത്തിൽ പൂർണ്ണമായി ഒഴുകിപ്പോയി. വെള്ളപ്പൊക്കത്തിൽ ഏഴ് സൈനികർ ഒഴുക്കിൽപ്പെട്ടെങ്കിലും രണ്ട് പേരെ ഉടൻ തന്നെ രക്ഷപ്പെടുത്താൻ സാധിച്ചു.
കാണാതായ ബാക്കി അഞ്ച് സൈനികർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഐ.ടി.ബി.പി, എസ്.ഡി.ആർ.എഫ്, പൊലീസ് എന്നീ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് സംയുക്ത രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
കൂടാതെ, അപ്പർ സുബൻസിരി ജില്ലയിലെ കേഓജറിംഗ് – ബയാചിംഗ് റോഡ് നിർമ്മാണ മേഖലയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിലാണ് നാല് സാധാരണക്കാർ മരണമടഞ്ഞത്. താഡു ബകി, താജി റായ്, മാർക്കോഷ് ബസുമതാരി, ബാബുൽ അലി എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
ഇതിൽ ബാബുൽ അലിയുടെ മൃതദേഹം ഇതിനോടകം കണ്ടെടുത്തിട്ടുണ്ട്. മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്ന മറ്റ് വ്യക്തികൾക്കായി നാച്ചോ പോലീസ് സ്റ്റേഷനും ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും ചേർന്നുള്ള സംഘം തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

