വിപണിയിൽ ലഭ്യമാകുന്ന അംഗീകാരമില്ലാത്ത അഗർബത്തി കൊതുകുതിരികൾ ഡെങ്കു, മലേറിയ തുടങ്ങിയ രോഗങ്ങളെക്കാൾ വലിയ ആരോഗ്യ വെല്ലുവിളികൾ ഉയർത്തുന്നതായി ഹോം ഇൻസെക്ട് കൺട്രോൾ അസോസ്സിയേഷൻ നടത്തിയ പൊതുജനാരോഗ്യ പഠനം മുന്നറിയിപ്പ് നൽകുന്നു. വിപണി ഗവേഷണ സ്ഥാപനമായ കന്താർ നടത്തിയ സർവ്വേ പ്രകാരം, പങ്കെടുത്ത 95 ശതമാനം വീടുകളിലും കഴിഞ്ഞ വർഷം കൊതുക് ജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഈ ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ശ്വാസകോശ സംബന്ധമായ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നതായി 70 ശതമാനം ഡോക്ടർമാരും വിലയിരുത്തുന്നു. സിഗരറ്റ് വലിക്കുന്നതുമൂലം ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾക്ക് സമാനമായ അവസ്ഥ ഇതിന്റെ പുക ശ്വസിക്കുന്നതിലൂടെ ഉണ്ടാകുമെന്ന് 67 ശതമാനം വിദഗ്ധ ഡോക്ടർമാരും അഭിപ്രായപ്പെടുന്നു.
രാജ്യത്തെ 12 നഗരങ്ങളിലായി 1264 വീടുകളിലും 405 ഡോക്ടർമാർക്കിടയിലുമാണ് ഈ പഠനം നടത്തിയത്. ഏകദേശം രണ്ടായിരം കോടി രൂപ വിറ്റുവരവുള്ള ഈ മേഖലയിൽ 85 ശതമാനവും അനധികൃത ഉൽപ്പന്നങ്ങളാണ് വിറ്റഴിക്കപ്പെടുന്നത്.
സർക്കാരിന്റെ യാതൊരുവിധ അംഗീകാരവും ഇല്ലാത്ത ഇത്തരം ഉൽപ്പന്നങ്ങളിൽ സെൻട്രൽ ഇൻസെക്ടിസൈഡ്സ് രജിസ്ട്രേഷൻ ലേബലുകൾ നിർബന്ധമാണെങ്കിലും അവ പാലിക്കപ്പെടുന്നില്ല. മാത്രമല്ല, ഇവയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് വ്യക്തതയുമില്ല.
പ്രാദേശിക കടകളിലും മരുന്നുകടകളിലും ഗുണനിലവാര പരിശോധനയില്ലാത്ത ഇത്തരം കൊതുകുതിരികൾ സുലഭമാണെന്ന് ഹോം ഇൻസെക്ട് കൺട്രോൾ അസോസ്സിയേഷൻ സെക്രട്ടറിയും ഡയറക്ടറുമായ ജയന്ത് ദേശ്പാണ്ഡേ ചൂണ്ടിക്കാട്ടി. ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ നിർബന്ധമായും സിഐആർ രജിസ്ട്രേഷൻ നമ്പർ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കൊതുകുകളെ പ്രതിരോധിക്കാൻ ഈ ഉൽപ്പന്നങ്ങൾ സഹായിച്ചേക്കാമെങ്കിലും, ഇവയിൽ നിന്നുള്ള പുക തുടർച്ചയായി ശ്വസിക്കുന്നത് ഒഴിവാക്കണമെന്ന് മഹീം എസ് എൽ രഹേജ ഹോസ്പിറ്റൽ ക്രിറ്റിക്കൽ കെയർ ഡയറക്ടർ ഡോ. സഞ്ജിത്ത് ശശീധരൻ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

