സംസ്ഥാനത്ത് ലഹരിക്കെതിരെ കേരള പോലീസ് ശക്തമാക്കി വരുന്ന പ്രത്യേക പരിശോധനയായ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇതുവരെ 14,673 പേരെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവിലത്തെ പരിശോധനയിൽ 47 കേസുകളിലായി 49 പേരെക്കൂടി പിടികൂടിയതോടെ ആകെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 13,605 ആയി ഉയർന്നു.
വിപുലമായ ഈ ദൗത്യത്തിലൂടെ വൻതോതിലുള്ള ലഹരിവസ്തുക്കളാണ് വിവിധ ഇടങ്ങളിൽ നിന്ന് പിടിച്ചെടുത്തിട്ടുള്ളത്. ഇതുവരെ ആകെ 27476.313 ഗ്രാം എം.ഡി.എം.എ, 1820.746 കി.ഗ്രാം കഞ്ചാവ്, 7252.352 ഗ്രാം ഹാഷിഷ് ഓയിൽ, 778.309 ഗ്രാം ബ്രൗണ്‍ ഷുഗർ എന്നിവ പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളുടെ കണക്കുകൾ പ്രകാരം ചെറിയ അളവിൽ ലഹരി കൈവശം വെച്ചതിന് 17 കേസുകളും, ഇടത്തരം അളവിലുള്ളതിന് 2 കേസുകളും, എൻ.ഡി.പി.എസ് ആക്ട് പ്രകാരം 28 കേസുകളും, കോട്പ നിയമപ്രകാരം 30 കേസുകളുമാണ് എടുത്തത്. ഇവരിൽ നിന്ന് 0.250 ഗ്രാം എം.ഡി.എം.എ, 1.849 കി.ഗ്രാം കഞ്ചാവ്, 10.05 ഗ്രാം ഹാഷിഷ് ഓയിൽ, 0.20 ഗ്രാം ബ്രൗണ്‍ ഷുഗർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
കുറ്റകൃത്യങ്ങൾ തടയുന്നതിനൊപ്പം ബോധവത്കരണ പ്രവർത്തനങ്ങൾക്കും പോലീസ് വലിയ പ്രാധാന്യമാണ് നൽകുന്നത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം കേരളത്തിലുടനീളം 35 ബോധവത്കരണ ക്ലാസുകളാണ് സംഘടിപ്പിച്ചത്.
ഇതുവരെ ആകെ നടപ്പിലാക്കിയ ബോധവത്കരണ ക്ലാസുകളുടെ എണ്ണം 11,366 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 995 ഉം ആണ്. കൂടാതെ, സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 7,928 ബോധവത്കരണ പരിപാടികളും വിജയകരമായി പൂർത്തിയായി.
ലഹരിവ്യാപാരത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പൊതുജനങ്ങൾക്കും പോലീസിനെ അറിയിക്കാം. നേരിട്ടും അല്ലാതെയുമുള്ള വിവരങ്ങൾ നൽകാൻ 9497979794, 9497927797 എന്നീ ഫോൺ നമ്പറുകളിലോ 9995966666 എന്ന വാട്സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.
വിവരം നൽകുന്ന വ്യക്തികളുടെ വിവരങ്ങൾ കർശനമായി രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

