വൈക്കം നഗരസഭയുടെ വികസന കാര്യങ്ങളിലും യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും നിർണായക ഇടപെടലുകളുമായി ഭരണസമിതി. വൈക്കം വഴി കോട്ടയം-എറണാകുളം റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസ് ആരംഭിക്കണമെന്ന് നഗരസഭ ഔദ്യോഗിക പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
ക്ഷേത്ര നഗരമായ വൈക്കത്തു നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്കും, എറണാകുളത്തേക്കും ദിനംപ്രതി നിരവധി ആളുകളാണ് യാത്ര ചെയ്യുന്നത്. നിലവിൽ ഈ റൂട്ടുകളിൽ ആവശ്യത്തിന് ബസ് സൗകര്യങ്ങൾ ലഭ്യമല്ല എന്നത് വലിയൊരു യാത്രാദുരിതത്തിന് കാരണമാകുന്നുണ്ട്.
പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ കോട്ടയത്തു നിന്നും എറണാകുളത്തു നിന്നും മടക്കയാത്രയ്ക്ക് ബസ് ലഭിക്കാത്ത സാഹചര്യമാണുള്ളത്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ചെയിൻ സർവീസ് എന്ന ആവശ്യം കൗൺസിൽ മുന്നോട്ടുവെച്ചത്.
ഇതിനൊപ്പം നഗരത്തിലെ പ്രധാന ജലപാതയായ പെരിഞ്ചില തോട് സംരക്ഷിക്കുന്നതിനായുള്ള നിർദ്ദേശങ്ങളും നഗരസഭ മുന്നോട്ട് വെച്ചിട്ടുണ്ട്. തോടിന്റെ വശങ്ങൾ കല്ലുകെട്ടി ബലപ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള പ്രമേയം സർക്കാരിന് സമർപ്പിക്കാൻ യോഗം തീരുമാനിച്ചു.
നഗരസഭാ അധ്യക്ഷൻ അബ്ദുൽ സലാം റാവുത്തർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഇടവട്ടം ജയകുമാർ, ഡി.രഞ്ജിത്ത് കുമാർ എന്നിവരാണ് പ്രമേയങ്ങൾ യോഗത്തിൽ അവതരിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

