ലഹരി മാഫിയകൾക്കെതിരെ കർശന നടപടികളുമായി മുന്നോട്ട് പോകുന്ന ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ‘തൂഫാൻ വാറിയർ’ പ്രഖ്യാപന ചടങ്ങ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കായികരംഗത്തോട് യുവാക്കൾക്ക് താൽപ്പര്യം വളർത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ മന്ത്രി, താൻ നേരത്തെ ബ്രസീൽ ആരാധകനായിരുന്നെങ്കിലും ഇപ്പോൾ അർജന്റീനയെയാണ് പിന്തുണയ്ക്കുന്നതെന്ന് തമാശരൂപേണ വ്യക്തമാക്കി.
ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയെ ബുധനാഴ്ച 12 മണിക്ക് നേരിൽ കാണുമെന്ന് അദ്ദേഹം അറിയിച്ചു. അന്തർസംസ്ഥാന തലത്തിൽ ലഹരി കടത്തിനെ പ്രതിരോധിക്കാൻ കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ ഡി.ജി.പിമാരുമായും, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.
ശിവകുമാറുമായും ചർച്ചകൾ നടത്തിയതായി മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ലഹരിയുടെ വ്യാപനം അങ്ങേയറ്റം ഭീതിജനകമാണെന്ന് ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിന് ശേഷമാണ് വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി വെറും 42 ദിവസത്തിനുള്ളിൽ ആറായിരത്തോളം പേരെയാണ് പിടികൂടിയത്. ഏകദേശം 70 കോടിയിലേറെ രൂപയുടെ ലഹരിമരുന്നുകളും പിടിച്ചെടുത്തു.
എറണാകുളത്ത് സ്കൂൾ ബസ് ഡ്രൈവർമാർക്കിടയിൽ നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 29 പേരെ കണ്ടെത്തുകയും ഇവരുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയ മന്ത്രി, അപരിചിതർ നൽകുന്ന മിഠായികളോ ലഹരി കലർന്ന സാധനങ്ങളോ സ്വീകരിക്കരുതെന്ന് ഓർമ്മിപ്പിച്ചു.
അതിഥി തൊഴിലാളികളെയല്ല, മറിച്ച് അവരെ ലഹരി ഇടപാടുകളിലേക്ക് വഴിതെറ്റിക്കുന്ന മലയാളികളാണ് ഇതിന് പിന്നിലെ പ്രധാനികളെന്ന് അദ്ദേഹം ആരോപിച്ചു. എളുപ്പത്തിൽ പണം സമ്പാദിക്കാൻ ശ്രമിക്കുന്ന മാഫിയകൾ സ്വന്തം മക്കൾക്ക് ഈ വിഷം നൽകില്ലെന്ന് ഓർക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

