പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്ന സാധാരണക്കാരായ പുരുഷന്മാരെ അപമാനിക്കുന്ന തരത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിനീഷ് കോടിയേരി രംഗത്ത്. പുരുഷന്മാർക്ക് സൗജന്യങ്ങൾ നൽകിയാൽ ആ പണം വീട്ടിലെത്തില്ലെന്നും സർക്കാരിന് തന്നെ തിരിച്ചു ലഭിക്കുമെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ പരാമർശം അധ്വാനിക്കുന്ന ജനവിഭാഗത്തോടുള്ള അവഹേളനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം താഴെ നൽകുന്നു: “ചരിത്രം ആവർത്തിക്കുകയാണ്; പാവങ്ങളോടുള്ള കോൺഗ്രസ് മനോഭാവം മാറുന്നില്ല! പുരുഷന്മാർക്ക് സൗജന്യങ്ങൾ കൊടുത്താൽ ആ പൈസ വീട്ടിലെത്തില്ല, സർക്കാരിന് തന്നെ തിരിച്ചു കിട്ടും എന്ന രീതിയിൽ മുഖ്യമന്ത്രി ശ്രീ വി.ഡി.
സതീശൻ നടത്തിയ പരാമർശം തികച്ചും അപലപനീയമാണ്. ബസ്സിലും പൊതുഗതാഗത സംവിധാനങ്ങളിലും യാത്ര ചെയ്യുന്ന സാധാരണക്കാരായ അധ്വാനിക്കുന്ന പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന ഇത്തരം പ്രസ്താവനകൾ ജനങ്ങളോടുള്ള അവഹേളനമാണ്.” പാവപ്പെട്ടവരുടെ അധ്വാനത്തെയും ജീവിതാവസ്ഥകളെയും കോൺഗ്രസ് നേതൃത്വം എന്നും പുച്ഛത്തോടെയാണ് നോക്കിക്കാണുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഇതിന് ചരിത്രപരമായ ഉദാഹരണമുണ്ടെന്നും ബിനീഷ് കോടിയേരി ഓർമ്മിപ്പിച്ചു. 1980-ൽ ഇന്ത്യയിൽ ആദ്യമായി ഇ കെ നായനാർ സർക്കാർ കർഷകത്തൊഴിലാളികൾക്കായി പ്രതിമാസം 45 രൂപ പെൻഷൻ പദ്ധതി നടപ്പിലാക്കിയപ്പോൾ കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച വാദങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
ആ തുക തൊഴിലാളികൾ മദ്യപാനത്തിനായി ചെലവഴിക്കുമെന്നായിരുന്നു അന്ന് കോൺഗ്രസ് നേതാക്കൾ വാദിച്ചത്. വർഷങ്ങൾക്കിപ്പുറവും കോൺഗ്രസിന്റെ ഇത്തരം ‘ഉപരിവർഗ്ഗ ചിന്താഗതി’ക്ക് മാറ്റമൊന്നും വന്നിട്ടില്ലെന്നും, സാധാരണക്കാരായ മനുഷ്യരുടെ ജീവിത സാഹചര്യങ്ങളെ മാനിക്കാൻ അവർ ഇനിയെങ്കിലും തയ്യാറാകണമെന്നും ബിനീഷ് കോടിയേരി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

