ചേർത്തല നഗരസഭയുടെ നേതൃത്വത്തിലുള്ള ജീവൻ രക്ഷാസമിതി സംഘടിപ്പിച്ച ജനകീയ ധനസമാഹരണത്തിലൂടെ ചുരുങ്ങിയ സമയം കൊണ്ട് സമാഹരിക്കാനായത് 52.31 ലക്ഷം രൂപ. നഗരസഭാ പരിധിയിലെ 36 വാർഡുകളിൽ നിന്നുമായി വെറും അഞ്ചു മണിക്കൂർ കൊണ്ടാണ് ഈ തുക സ്വരൂപിച്ചത്.
ചികിത്സാ സഹായം ലഭിക്കാതെ ആരുടെയും ജീവൻ നഷ്ടപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ് സമിതി ഈ ഉദ്യമത്തിന് തുടക്കമിട്ടത്. ചെറുതുരുത്തി അഭിലാഷ് (53) എന്ന മാധ്യമപ്രവർത്തകന്റെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായാണ് പ്രധാനമായും സഹായം സമാഹരിക്കുന്നത്.
ഇദ്ദേഹത്തിന്റെ മകൾ വൈഗാലക്ഷ്മി (19) ആണ് കരൾ പകുത്തു നൽകുന്നത്. നഗരത്തിലെ 36 വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന 12,500-ൽ അധികം വീടുകൾ കേന്ദ്രീകരിച്ച് ഇന്നലെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയായിരുന്നു ധനസമാഹരണം.
189 സ്ക്വാഡുകളിലായി ഏകദേശം രണ്ടായിരത്തോളം സന്നദ്ധ പ്രവർത്തകരാണ് ഇതിനായി അണിനിരന്നത്. ധനസമാഹരണത്തിന്റെ ഭാഗമായി ശനിയാഴ്ച തന്നെ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് തുക ശേഖരിച്ചിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ സർക്കാർ സ്ഥാപനങ്ങളിലും സമാഹരണം തുടരും. നിലവിൽ എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഭിലാഷിന്റെ ശസ്ത്രക്രിയയ്ക്കും, സാമ്പത്തിക പരാധീനതകൾ മൂലം അവയവമാറ്റ ശസ്ത്രക്രിയകൾക്ക് ബുദ്ധിമുട്ടുന്ന മറ്റ് രോഗികളെ സഹായിക്കുന്നതിനുമായാണ് സമാഹരിച്ച തുക വിനിയോഗിക്കുക.
ഈ ഉദ്യമത്തിൽ പങ്കാളികളായ മുഴുവൻ ആളുകൾക്കും ജീവൻ രക്ഷാസമിതി ചെയർമാൻ എസ്.സോബിൻ, ജനറൽ കൺവീനർ കെ.ടി.മധു എന്നിവർ നന്ദി രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

