ബേഡഡുക്ക പെർളടുക്കയിലെ ഹോമിയോ ആശുപത്രിയുടെ പ്രവർത്തനം മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ സാധിച്ചില്ല. കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ വരുത്തിയ വീഴ്ചയാണ് ആശുപത്രിയുടെ പ്രവർത്തനം ഇപ്പോഴും വാടകക്കെട്ടിടത്തിൽ തന്നെ തുടരാൻ കാരണം.
മലയോര മേഖലയിലെ നിരവധി രോഗികളാണ് ചികിത്സയ്ക്കായി ഈ ആശുപത്രിയെ ആശ്രയിക്കുന്നത്. 2023-2024 ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്.
മുൻ എംഎൽഎ സി.എച്ച്.കുഞ്ഞമ്പു ആയിരുന്നു പദ്ധതിയുടെ ഉദ്ഘാടകൻ. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുൻപ്, കഴിഞ്ഞ മാർച്ചിൽ തിടുക്കപ്പെട്ട് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തുകയായിരുന്നു.
എന്നാൽ, വയറിങ്, ഫർണിച്ചർ സൗകര്യങ്ങൾ പോലും പൂർത്തിയാക്കാതെ നടത്തിയ ഉദ്ഘാടനം പ്രഹസനമായി മാറിയെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നിർമാണ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായും വ്യാപകമായ ക്രമക്കേട് നടന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു.
കെട്ടിടത്തിൽ നിലവാരം കുറഞ്ഞ ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും, ഉയർന്ന തുകയ്ക്ക് ടെൻഡർ നൽകിയിട്ടും നിർമാണ സാമഗ്രികളുടെ കാര്യത്തിൽ കടുത്ത അനാസ്ഥ കാണിച്ചെന്നുമാണ് പ്രധാന ആക്ഷേപം. ഈ സാഹചര്യത്തിൽ, നിർമാണത്തിലെ ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും, അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കി ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

