ഒരു പവൻ സ്വർണത്തിനായി കൊലപാതകം: കൈലിമുണ്ടും ഷർട്ടും വേഷം; കൊടുംതണുപ്പിൽ കെണി, വിക്രം വന്നു വീണു
കോട്ടയം ∙ ഒരു പവൻ സ്വർണത്തിനായി ഒരാളെ കൊന്ന് മൃതദേഹം കത്തിച്ച് കർണാടകയിലെ കാടുകളിൽ മറഞ്ഞ വിക്രം എന്ന ആനന്ദ് സാജനെ കൊടുംതണുപ്പിൽ, ദിവസങ്ങളോളം വേഷംമാറി താമസിച്ച് പിടികൂടിയത് കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ 2 പൊലീസുകാരാണ്; എസ്ഐ കെ.എ.നജീബും സിവിൽ പൊലീസ് ഓഫിസർ വിമൽ ബി.നായരും.
Also Read
2013ൽ മുണ്ടക്കയം പറത്താനം മാരൂർ ടോം ജോസഫിനെ കൊലപ്പെടുത്തുമ്പോൾ വിക്രമിന് പ്രായം 25.
ജാമ്യത്തിലിറങ്ങി സ്വന്തം നാടായ കർണാടകയിലേക്ക് മുങ്ങിയ വിക്രമിനെ തേടി പലതവണ പൊലീസ് കുടകിലെത്തി. ‘മനോരമ’ പ്രസിദ്ധീകരിച്ച കൊലപാതകവാർത്തയ്ക്കൊപ്പമുള്ള ചിത്രം പ്രദേശത്തുള്ളവർ തിരിച്ചറിഞ്ഞു.
പക്ഷേ വിക്രമിനെ കണ്ടെത്താനായില്ല. ഏതാനും കിലോമീറ്ററുകൾക്ക് അപ്പുറം, മരങ്ങൾ സയനൈഡ് വച്ച് ഉണക്കി വിൽക്കുന്ന ജോലിത്തിരക്കിലായിരുന്നു അന്ന് വിക്രം.
Also Read
വിക്രമിനൊപ്പം പൊൻകുന്നത്തെ ജയിലിൽ ഉണ്ടായിരുന്ന ആളുകളെ പൊലീസ് നേരിൽക്കണ്ടു. കുഴപ്പമൊന്നും വരില്ലെന്നും വിക്രമിന് ജാമ്യം കിട്ടുമെന്നും വിശ്വസിപ്പിച്ചപ്പോൾ അതിൽ ഒരാൾ ഫോൺ നമ്പർ നൽകി.
അതിന്റെ ലൊക്കേഷൻ കർണാടക– വയനാട് അതിർത്തിയിലെ ബാവലി ആയിരുന്നു. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യവിവരത്തിൽനിന്ന് വിക്രമിന്റെ സ്ഥാനം അവിടെത്തന്നെയാകുമെന്ന് ഉറപ്പിച്ച നജീബും വിമലും എസ്എച്ച്ഒ ശ്യാംകുമാറിന്റെ നിർദേശപ്രകാരം കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് കെഎസ്ആർടിസി ബസിൽ വയനാട്ടിലേക്ക് പുറപ്പെട്ടു.
ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചെത്താമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ 2 ദിവസത്തിന് ശേഷം വിക്രമിന്റെ ഫോൺ ഓഫായി.
കാട്ടിക്കുളത്തെ മരംകോച്ചുന്ന തണുപ്പിലും ഇരുവരും വിയർത്തു. ∙ കൈലിമുണ്ടും ഷർട്ടും വേഷം, കൊലയാളിക്കായി കാത്തിരിപ്പ്
വിക്രം സിം എടുത്തത് സഹോദരൻ മണികണ്ഠന്റെ പേരിലായിരുന്നു.
എയ്ഡ് പോസ്റ്റിലിരുന്ന് ഇരുവരും മണികണ്ഠന്റെ 2 മാസത്തെ ഫോൺ രേഖകൾ പരിശോധിച്ചു. മണികണ്ഠൻ പലവട്ടം ഫോണിൽ സംസാരിച്ചതായി കണ്ടതിനാൽ ഫ്രാൻസിസ് എന്നയാളെ നേരിൽ കാണാൻ തീരുമാനിച്ചു.
വിലാസം തപ്പിയെടുത്തപ്പോൾ കോട്ടിക്കുളം. മീറ്ററുകൾ മാത്രം അകലെയാണ് ആ വീട്.
മണികണ്ഠനെത്തിച്ച ഒരു യുവാവ് തന്റെ വീട്ടിൽ താമസിക്കുന്നുണ്ടെന്നും എന്നാൽ അതു വിക്രമാണോയെന്ന് അറിയില്ലെന്നും അയാൾ പറഞ്ഞു. കർണാടക വനത്തിനുള്ളിലെ ഗ്രാമത്തിൽ പണിക്കുപോയി തിരികെവരുന്ന വിക്രമിനെയും കാത്ത് കൈലിമുണ്ടും പഴഞ്ചൻ ഷർട്ടുമിട്ട് നജീബും വിമലും അങ്ങാടിയിൽ രണ്ടിടങ്ങളിലായി നിന്നു.
വിവരം ചോരാതിരിക്കാൻ ഫ്രാൻസിസിനെ കണ്ണകലത്തിൽ നിർത്തി. എന്നാൽ ആ ദിവസം വിക്രം വന്നില്ല.
∙ മുളകുസ്പ്രേ ചൂണ്ടി അറസ്റ്റ്
പിറ്റേന്ന് വിമലിനെ അങ്ങാടിയിലേക്ക് അയച്ച് നജീബ് ഫ്രാൻസിസിന്റെ വീട്ടിൽ ഇരുന്നു. മഴ കാരണം പണിയില്ലാതിരുന്നതിനാൽ വിക്രം രാവിലെ റൂമിൽ വന്നുകയറി.
ചോറുകഴിക്കാൻ പുറത്തേക്കിറങ്ങിയാൽ രക്ഷപ്പെടാനുള്ള സാധ്യത പരിഗണിച്ച്, വിക്രത്തിന് ചോറു നൽകാൻ ഫ്രാൻസിസിനെ ചുമതലപ്പെടുത്തി. അപകടം മണത്തിട്ടെന്ന പോലെ പ്ലേറ്റിൽ ചോറുമായി സമീപത്തെ റോഡിലേക്ക് കയറിയ വിക്രമിന് അരികിൽ വഴിപോക്കനെപ്പോലെ വിമലെത്തി.
സിഗററ്റുണ്ടോയെന്ന വിമലിന്റെ ചോദ്യത്തിന് ‘തൊട്ടപ്പുറം കടയുണ്ടല്ലോ’യെന്ന മറുചോദ്യം മറുപടി, എങ്കിലും സിഗററ്റ് നീട്ടി. തന്റെ അടുത്തുള്ളത് പൊലീസാണെന്ന് മനസ്സിലായതോടെ വിക്രം ഓടാൻ ശ്രമിച്ചു.
മൽപിടിത്തത്തിനിടെ വിമൽ മുളകുസ്പ്രേ മുഖത്തിനു നേരെ ചൂണ്ടിയതോടെ വിക്രം അടങ്ങി. തിരുനെല്ലിയിൽനിന്ന് കെഎസ്ആർടിസി ബസിൽ വ്യാഴാഴ്ച വൈകിട്ടോടെ സംഘം കാഞ്ഞിരപ്പള്ളിയിലേക്കു മടങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

