ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ ദില്ലി സർക്കാർ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്തി.
മുഖ്യമന്ത്രി രേഖാ ഗുപ്തയാണ് ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. ഔദ്യോഗിക മീറ്റിംഗുകളിൽ 50 ശതമാനവും ഓൺലൈനായി നടത്താനും തീരുമാനമായിട്ടുണ്ട്.
ഗതാഗതക്കുരുക്കും ഇന്ധന ഉപഭോഗവും ലഘൂകരിക്കുന്നതിനായി ദില്ലി സർക്കാരും എംസിഡിയും ഓഫീസ് സമയങ്ങളിൽ മാറ്റങ്ങൾ വരുത്തും. സർക്കാർ ഉദ്യോഗസ്ഥരുടെ പ്രതിമാസ പെട്രോൾ പരിധി 20 ശതമാനമായി വെട്ടിക്കുറച്ചപ്പോൾ, ജീവനക്കാരുടെ യാത്രാബത്തയിൽ 10 ശതമാനം വർധന വരുത്തിയിട്ടുണ്ട്.
അടുത്ത ആറ് മാസത്തേക്ക് പുതിയ സർക്കാർ വാഹനങ്ങൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തി. സർക്കാർ ജീവനക്കാരുടെ യാത്രാ സൗകര്യത്തിനായി 29 കോളനികളിൽ നിന്ന് 58 പ്രത്യേക ബസുകൾ സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു.
മന്ത്രിമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും അടുത്ത ഒരുവർഷത്തേക്ക് വിദേശയാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 90 ദിവസം നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടികൾക്കും സർക്കാർ രൂപം നൽകി.
പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി ‘മെട്രോ ദിനം’ ആചരിക്കാനും, ആഴ്ചയിലൊരിക്കൽ ‘നോ കാർ ദിനം’ നടപ്പിലാക്കാനും തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി എല്ലാ തിങ്കളാഴ്ചയും മന്ത്രിമാരും ഉദ്യോഗസ്ഥരും ജീവനക്കാരും ജോലിയ്ക്ക് പോകാൻ മെട്രോയെ ആശ്രയിക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
ഇന്ധനം ലാഭിക്കാനുള്ള നടപടികളുടെ ഭാഗമായി പ്രധാനമന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും നേരത്തെ തങ്ങളുടെ അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ചിരുന്നു. രാജ്യത്ത് അറുപത് ദിവസത്തെ കരുതൽ എണ്ണ ശേഖരമുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഹോർമുസ് കടലിടുക്ക് തുറക്കാത്ത സാഹചര്യത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രതിസന്ധികൾ മുന്നിൽക്കണ്ടാണ് ഇന്ധന ചെലവ് ചുരുക്കുന്നതിനുള്ള ഇത്തരം നടപടികൾ വിവിധ സംസ്ഥാനങ്ങൾ സ്വീകരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

