ധരംശാലയിൽ നടന്ന ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് നാല് വിക്കറ്റിന്റെ അവിശ്വസനീയ വിജയം. ജസ്പ്രീത് ബുംറ ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തിൽ, അവസാന ഓവറിലെ ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഒരു പന്ത് ബാക്കിനിൽക്കെയാണ് മുംബൈ ലക്ഷ്യം മറികടന്നത്.
20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 200 റൺസായിരുന്നു പഞ്ചാബ് ഉയർത്തിയ വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിൽ 19.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മുംബൈ 205 റൺസ് നേടി വിജയം ഉറപ്പിച്ചു.
33 പന്തിൽ നിന്ന് 75 റൺസുമായി പുറത്താകാതെ നിന്ന തിലക് വർമയുടെ പ്രകടനമാണ് മുംബൈയുടെ വിജയത്തിന് കരുത്തായത്. 10 പന്തിൽ 25 റൺസ് നേടി വിൽ ജാക്സും, 23 പന്തിൽ 48 റൺസ് നേടിയ റിയാൻ റിക്കിൾടണും നിർണായക സംഭാവനകൾ നൽകി.
അവസാന മൂന്നോവറിൽ 50 റൺസായിരുന്നു മുംബൈയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. സേവിയർ ബാർട്ലെറ്റ് എറിഞ്ഞ അവസാന ഓവറിൽ 15 റൺസ് വേണമെന്നിരിക്കെ, ആദ്യ പന്തിൽ തന്നെ വിൽ ജാക്സ് സിക്സർ നേടി.
തുടർന്ന് നാലാം പന്തിലും അഞ്ചാം പന്തിലും സിക്സറുകൾ പായിച്ച് തിലക് വർമ ടീമിനെ വിജയത്തിലെത്തിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിങ്സ് പ്രഭ്സിമ്രാൻ സിംഗിന്റെ (32 പന്തിൽ 57) കരുത്തിൽ 200 റൺസിലെത്തിയിരുന്നു.
മുംബൈയ്ക്കായി ഷാർദുൽ താക്കൂർ നാല് വിക്കറ്റും ദീപക് ചാഹർ രണ്ട് വിക്കറ്റും വീഴ്ത്തി. ആദ്യ ആറ് മത്സരങ്ങളിൽ വിജയിച്ച പഞ്ചാബിന്റെ തുടർച്ചയായ അഞ്ചാം തോൽവിയാണിത്.
എങ്കിലും 13 പോയിന്റുമായി പഞ്ചാബ് പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുന്നു. 12 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുള്ള മുംബൈ എട്ടാം സ്ഥാനത്താണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

