വികസന രംഗത്ത് പുതിയ ചരിത്രമെഴുതാൻ ഒരുങ്ങി ഗുരുവായൂർ നഗരസഭ. നഗരവാസികൾക്കും ലോകമെമ്പാടുമുള്ള തീർഥാടകർക്കും അത്യാധുനിക സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം, നഗരസഭയുടെ ആസ്തിയും വരുമാനവും ഗണ്യമായി വർധിപ്പിക്കുന്നതു ലക്ഷ്യമിട്ട് 11 മെഗാ പദ്ധതികളാണ് അധികൃതർ തയാറാക്കിയിട്ടുള്ളത്. കേന്ദ്ര സർക്കാരിന്റെ അർബൻ ചാലഞ്ച് ഫണ്ട് (യുസിഎഫ്) ലഭ്യമാകുന്നതിനുള്ള പ്രാഥമിക അംഗീകാരത്തിനായി ഈ പദ്ധതിരേഖകൾ ഇതിനോടകം സമർപ്പിച്ചു കഴിഞ്ഞു.
‘ഗുരുവായൂർ ഹെറിറ്റേജ് സിറ്റി ട്രാൻസ്ഫർമേഷൻ’ എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ബൃഹദ് പദ്ധതികളുടെ മൊത്തത്തിലുള്ള അടങ്കൽ തുക 285 കോടി രൂപയാണ് വരുന്നത്. അമൃത് സ്റ്റേറ്റ് മിഷൻ മാനേജ്മെന്റാണ് ഈ പദ്ധതികളുടെ പ്രാരംഭ രൂപരേഖയ്ക്ക് രൂപം നൽകിയത്. എറണാകുളത്ത് 11-ാം തീയതി നടന്ന യുസിഎഫ് സെന്റർ സോൺ ശിൽപശാലയിൽ ഈ രൂപരേഖ അവതരിപ്പിക്കുകയും ഔദ്യോഗിക അംഗീകാരം നേടിയെടുക്കുകയും ചെയ്തു. നഗരസഭ ചെയർപഴ്സൻ സുനിത അരവിന്ദൻ, സെക്രട്ടറി എച്ച്.അഭിലാഷ്കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വരാനിരിക്കുന്ന ഘട്ടത്തിൽ നഗരസഭ കൗൺസിലിന്റെ ഔദ്യോഗിക അനുമതി കൂടി നേടിയെടുത്ത ശേഷം വിശദമായ പദ്ധതിരേഖ (ഡിപിആർ) സർക്കാരിന് സമർപ്പിക്കുന്നതോടെ പദ്ധതികൾക്ക് അന്തിമ അനുമതി ലഭിക്കും. ഈ പദ്ധതിയുടെ ആകെ തുകയുടെ 25 ശതമാനം കേന്ദ്ര സർക്കാരിന്റെ തിരിച്ചടയ്ക്കേണ്ടാത്ത ഗ്രാന്റായിട്ടാണ് ലഭിക്കുക. അവശേഷിക്കുന്ന 75 ശതമാനം തുക പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) വഴിയോ അല്ലെങ്കിൽ ഹഡ്കോ വഴി വായ്പ എടുത്തോ കണ്ടെത്താനാണ് തീരുമാനം. വരുമാനം മാത്രം സൃഷ്ടിക്കുന്ന പദ്ധതികളെയാണ് യുസിഎഫ് മുഖ്യമായും പരിഗണിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. പദ്ധതിയിലേക്ക് മുതൽമുടക്കുന്ന സ്വകാര്യ കമ്പനികൾക്ക് ലാഭം പങ്കുവെക്കുന്ന മാതൃകയിലാകും ഇതിന്റെ പ്രവർത്തനം.
രൂപരേഖയിലുള്ള പദ്ധതികൾ
