ബെംഗളൂരു കേന്ദ്രീകരിച്ച് ഊബർ ടാക്സിയുടെ മറവിൽ മയക്കുമരുന്ന് കടത്തുകയും വിൽപന നടത്തുകയും ചെയ്തിരുന്ന സംഘത്തിലെ പ്രധാന കണ്ണിയെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട
സ്വദേശിയായ മുഹമ്മദ് അനസ് (29) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഈ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിലെ നിർണായക കണ്ണിയായ നൈജീരിയൻ പൗരൻ സാമുവൽ ക്ലബ്സൻ വോക്കാഫോർ എന്നയാളെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് പന്തളം പൊലീസ് ഡൽഹിയിൽ നിന്നും പിടികൂടിയിരുന്നു.
ഇയാളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് പിടിയിലായ അനസ് എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സാമുവൽ ക്ലബ്സൻ വോക്കാഫോർ അടക്കം നാല് പേർ അറസ്റ്റിലായതോടെയാണ് അനസ് ഡൽഹിയിലേക്കും പിന്നീട് മണാലിയിലേക്കും ഒളിവിൽ പോയത്.
തുടർന്ന് കേരളത്തിൽ തിരിച്ചെത്തിയ ശേഷം വർക്കലയിൽ രഹസ്യമായി കഴിയുകയായിരുന്നു പ്രതി. അന്വേഷണം വഴിതിരിച്ചുവിടുന്നതിനായി ഉപയോഗിച്ചിരുന്ന സിം കാർഡുകളും മൊബൈൽ ഫോണുകളും പൂർണ്ണമായും ഉപേക്ഷിച്ച പ്രതി, താൻ ഒരിക്കലും നിയമത്തിന് മുന്നിൽപ്പെടില്ല എന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു.
എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കലയിലെ ഒളിത്താവളത്തിലെത്തിയ പൊലീസ് അതിസാഹസികമായാണ് പ്രതിയെ കീഴ്പെടുത്തിയത്. അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പന്തളം സർക്കിൾ ഇൻസ്പെക്ടർ സി ബാബു കുറുപ്പ്, എസ് ഐ എബിൻ പ്രസാദ്, എഎസ്ഐ മാരായ ബി ഷൈൻ, സുരേഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ എസ് അൻവർഷ, എസ് ഷൈൻ എന്നിവരടങ്ങിയ സംഘമാണ് ഈ സുപ്രധാന അറസ്റ്റിന് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

