പത്തുവർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകിയ കോഴിക്കോട് പന്നിയങ്കര മേൽപാലത്തിന്റെ ഭാഗമായ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ എത്രയും പെട്ടെന്ന് പൊളിച്ചുമാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. കെട്ടിടത്തിന്റെ അതീവ ഗുരുതരമായ ജീർണാവസ്ഥ കണക്കിലെടുത്താണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പന്നിയങ്കര സ്വദേശിയായ ടി.ആലിക്കോയ സമർപ്പിച്ച പരാതിയിലാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. നിരവധി സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ദിവസേന ആശ്രയിക്കുന്ന പ്രധാന പാതയാണിത്.
ഈ സാഹചര്യത്തിൽ കെട്ടിടം ഇനിയും ഇവിടെ നിലനിൽക്കുന്നത് ജനങ്ങളുടെ ജീവന് വലിയ രീതിയിലുള്ള സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്ന് കമ്മിഷൻ ഗൗരവമായി വിലയിരുത്തി. കെട്ടിടത്തിന്റെ ലേല നടപടികൾ പൂർത്തിയായിട്ടുണ്ടെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
എങ്കിലും ലേലത്തുക മതിപ്പുവിലയുടെ 75 ശതമാനത്തിൽ താഴെയായതിനാൽ ഇത് അംഗീകാരത്തിനായി സർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പൊതുമരാമത്ത് ചീഫ് എൻജിനീയർ (പാലങ്ങൾ) 2026 ഓഗസ്റ്റ് 18 ലെ സിഇപിഡബ്ല്യുഡി/4489/2026-എബി4-ബിആർ നമ്പരായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ചിട്ടുള്ള പ്രൊപ്പോസൽ എത്രയും വേഗം അനുഭാവപൂർവ്വം പരിഗണിച്ച് കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള അന്തിമ അനുമതി നൽകണമെന്ന് കമ്മിഷൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് കർശന നിർദേശം നൽകി.
സെക്രട്ടറിയുടെ അനുമതി ലഭിച്ചയുടൻതന്നെ അപകടാവസ്ഥയിലുള്ള ഈ കെട്ടിടം പൂർണ്ണമായി നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് (പാലങ്ങൾ) വകുപ്പ് കോഴിക്കോട് എക്സിക്യൂട്ടീവ് എൻജിനീയർക്കും നിർദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

