കോട്ടയം-എറണാകുളം ജില്ലകളുടെ അതിർത്തി പ്രദേശമായ വെളിയന്നൂർ പഞ്ചായത്തിലെ പൂവക്കുളത്ത് പുലിയെ കണ്ടതായി പ്രദേശവാസികളുടെ പരാതി. ചൊവ്വാഴ്ച രാത്രി 7.30-നാണ് പൂവക്കുളം സെന്റ്മേരിസ് പള്ളിയോട് ചേർന്നുള്ള കന്യാസ്ത്രീകളുടെ മഠത്തിന്റെ മതിലിനുള്ളിലേക്ക് പുലി ചാടിയതായി വിവരം പുറത്തുവന്നത്.
പ്രദേശവാസിയായ മിനിലോറി ഡ്രൈവർ ഹരിശങ്കർ ആണ് ഈ കാഴ്ച ആദ്യം കണ്ടത്. സംഭവത്തെ തുടർന്ന് രാമപുരം പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രദേശത്ത് സംയുക്ത പരിശോധനയും തിരച്ചിലും ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മഠം ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കർശനമായി പരിശോധിക്കാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒരു വർഷം മുമ്പും പൂവക്കുളം മേഖലയിൽ സമാനമായ രീതിയിൽ പുലിയെ കണ്ടതായി നാട്ടുകാരിൽ ഒരാൾ അവകാശപ്പെട്ടിരുന്നെങ്കിലും, അന്ന് നടത്തിയ പരിശോധനയിൽ മൃഗത്തെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അത്യാവശ്യം വലിപ്പം തോന്നിക്കുന്ന ജീവി കോൺവെന്റിന്റെ മതിലിൽ ചാടികയറി വളരെ വേഗത്തിൽ ഓടിമറിഞ്ഞു എന്നാണ് ഹരിശങ്കർ പറയുന്നത്.
താൻ കണ്ടത് പുലിയെ തന്നെയാണെന്നും അദ്ദേഹം ഉറപ്പിച്ച് വ്യക്തമാക്കുന്നു. സംഭവസ്ഥലത്തിന് തൊട്ടടുത്തായി സ്കൂളും അംഗൻവാടിയും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തിൽ പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

