തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച കരമന കൂടത്തില് കുടുംബത്തിലെ മരണങ്ങളില് നിർണായക വഴിതിരിവ്. 2017 ഏപ്രില് 2 ന് ജയമാധവന് കൊല്ലപ്പെട്ട
കേസില് കുടുംബത്തിന്റെ കാര്യസ്ഥനായിരുന്ന രവീന്ദ്രന് നായരെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തെളിവുകൾ ഓരോന്നായി നശിപ്പിക്കാൻ പ്രതി നടത്തിയ ശ്രമങ്ങളെ ശാസ്ത്രീയ പരിശോധനകളുടെ പിൻബലത്തിലാണ് അന്വേഷണ സംഘം തകർത്തത്.
കട്ടിലിൽ നിന്നു വീണുകിടന്ന ജയമാധവനെ താൻ മെഡിക്കൽ കോളജിലെത്തിച്ചെന്ന രവീന്ദ്രന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങളാണ് ആദ്യം സംശയത്തിന് ഇടയാക്കിയത്. ഫൊറൻസിക് വിദഗ്ധരുടെ പരിശോധനയിൽ കിടക്കയിൽ രക്തക്കറകൾ കണ്ടെത്തി.
തുടർന്ന് നടത്തിയ പരിശോധനയിൽ രക്തം മനുഷ്യന്റേതാണെന്നും അത് ജയമാധവന്റേതാണെന്നും ബന്ധുവിന്റെ സാംപിളുമായി ഒത്തുനോക്കി ഉറപ്പുവരുത്തി. തലയ്ക്കേറ്റ മാരകമായ പരുക്കാണു മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.
ഇതിനു പുറമെ മരണത്തിനു തൊട്ടുമുൻപ് ഇദ്ദേഹത്തെ ശ്വാസംമുട്ടിച്ചതായും കണ്ടെത്തി. കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ (എൻഐടി) ബയോമെക്കാനിക്സ് വിഭാഗത്തിൽ നടത്തിയ വിശദ പരിശോധനയിൽ, കട്ടിലിൽ നിന്നു വീണല്ല തലയ്ക്കു പരുക്കേറ്റതെന്നു സ്ഥിരീകരിച്ചു.
സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ അനിലിന്റെ കാറിലാണ് ജയമാധവനെ ആശുപത്രിയിലെത്തിച്ചത്. കാറിലും ജയമാധവന്റെ രക്തം കണ്ടെത്തിയിരുന്നു.
കാറോടിച്ച സജു എന്നയാളെയും അന്വേഷണ സംഘം ചോദ്യംചെയ്തു. വീടിനു പിന്നിൽ നിന്നും രക്തം പുരണ്ട
തടിക്കഷണവും കണ്ടെടുത്തതോടെ കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമായി. സ്വത്തുക്കൾ തട്ടിയെടുക്കാൻ രവീന്ദ്രൻ വ്യാജ വിൽപത്രം തയാറാക്കിയതാണ് കേസിലെ വഴിത്തിരിവ്.
വിൽപത്രത്തിലെ ഒപ്പ് ജയമാധവന്റേതല്ലെന്നു ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞു. അവിവാഹിതനായ ജയമാധവൻ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ, വ്യാജ വിൽപത്രം അസാധുവാകുമെന്നും സ്വത്തുക്കൾ നഷ്ടപ്പെടുമെന്നുമുള്ള ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ബ്രെയിൻ മാപ്പിങ് ഉൾപ്പെടെയുള്ള കര്ശന ശാസ്ത്രീയ പരിശോധനകൾക്ക് വിധേയനാക്കിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എം.ഐ.ഷാജി, എസ്ഐ ബിപിൻ പ്രകാശ്, എഎസ്ഐ ജയകുമാർ, സീനിയർ സിപിഒ പ്രതാപൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
സ്വത്തുക്കൾ തട്ടിയെടുക്കാനായി മുൻപ് നടന്ന ചില കുറ്റകൃത്യങ്ങൾക്ക് സമാനമായ രീതിയാണ് ഇവിടെയും അവലംബിച്ചിട്ടുള്ളത്. കാലടി ജംക്ഷനു സമീപത്തെ 22 സെന്റ് ഭൂമിയിൽ നിർമിച്ചിട്ടുള്ള കൂടത്തിൽ തറവാട് ‘ഉമാമന്ദിരം’ വീട്ടിലെ താമസക്കാർ ആരും നാട്ടുകാരുമായോ ബന്ധുക്കളുമായോ സമ്പർക്കം പുലർത്തിയിരുന്നില്ല.
26 വർഷങ്ങൾക്കിടെ 7 മരണങ്ങൾ സംഭവിച്ചിട്ടും ദുരൂഹതയുടെ ചുരുളഴിക്കാൻ കഴിയാത്തത് ഇതുകൊണ്ടാണ്. നഗരത്തിലും പുറത്തുമായി 6 ഏക്കറിലേറെ വസ്തു കൂടത്തിൽ തറവാടിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നെന്നാണ് വിവരം.
ഇതിൽ കാരയ്ക്കാമണ്ഡപത്തുള്ള വസ്തു കൈക്കലാക്കിയ രവീന്ദ്രൻ നായർ പ്ലോട്ടുകളാക്കി വിൽപന നടത്തിയെന്നും സൂചനയുണ്ട്. കുടുംബത്തിന്റേതായി 18 ഏക്കറോളം വസ്തുവകകൾ ഉണ്ടെന്നും പറയപ്പെടുന്നു.
കൂടത്തിൽ കുടുംബത്തിലെ ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ജ്യേഷ്ഠൻമാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടെയും മക്കളായ ജയമാധവൻ, ഉണ്ണികൃഷ്ണൻ നായർ എന്നിവരാണു വിവിധ കാലയളവുകളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. നഗരത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കുടുംബത്തിനുണ്ടായിരുന്നത്.
ജയമാധവൻ നായർ മരിച്ച അന്നുതന്നെ അസ്വാഭാവിക മരണത്തിന് കരമന പൊലീസ് കേസെടുത്തെങ്കിലും കാര്യമായ അന്വേഷണം നടന്നിരുന്നില്ല. തുടർന്ന് 100 കോടിയോളം വിലമതിക്കുന്ന സ്വത്തുക്കൾ കാര്യസ്ഥനും ചില ബന്ധുക്കളും ചേർന്ന് പങ്കിട്ടെടുത്തതോടെ ദുരൂഹതയേറി.
പൊതുപ്രവർത്തകനായ അനിൽകുമാറും വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജയമാധവന്റെ സഹോദരൻ ജയപ്രകാശ് രക്തം ഛർദ്ദിച്ചാണ് മരിച്ചതെങ്കിലും അന്ന് പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല.
കേസിൽ പ്രതിയായ രവീന്ദ്രൻ നായരെ കോടതിയിൽ ഹാജരാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

