കശുവണ്ടി ഇറക്കുമതി അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദ ഉത്തരവിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം നേരിട്ടതിനെത്തുടർന്ന്, കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി കെ.
ബിജു തിരുത്തിയ സത്യവാങ്മൂലം സമർപ്പിച്ചു. നേരത്തെ നൽകിയ മാപ്പപേക്ഷയിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി കോടതി അത് നിരസിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പിശകുകൾ തിരുത്തി പുതിയ സത്യവാങ്മൂലം അദ്ദേഹം കോടതിയിൽ ഹാജരാക്കിയത്. വേണ്ടത്ര ശ്രദ്ധയോടും ആലോചനയോടും കൂടിയല്ലാതെ പുറപ്പെടുവിച്ച ആദ്യ ഉത്തരവിൽ, കോടതിയുടെ അന്തസ്സിനെയും അധികാരത്തെയും ബാധിക്കുന്ന പരാമർശങ്ങൾ കടന്നുകൂടിയെന്ന് പുതിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ഇതിന് പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് സെക്രട്ടറി ക്ഷമാപണം നടത്തി. നിയമപരമായി നിലനിൽക്കാത്ത പരാമർശങ്ങൾ അടങ്ങിയ ആദ്യ ഉത്തരവ് പിൻവലിച്ചതായും, ആക്ഷേപകരമായ ഭാഗങ്ങൾ ഒഴിവാക്കി പുതിയ ഉത്തരവ് പുറപ്പെടുവിച്ചതായും അദ്ദേഹം കോടതിയെ അറിയിച്ചു.
പ്രസ്തുത വിഷയത്തിൽ കൂടുതൽ ജാഗ്രതയോടെയും വസ്തുതാപരമായുമുള്ള പരിശോധനയാണ് പിന്നീട് നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ, കേസിൽ പ്രതികളായ കെ.എ.
രതീഷ് (കശുവണ്ടി വികസന കോർപറേഷൻ മുൻ മാനേജിങ് ഡയറക്ടർ), ആർ. ചന്ദ്രശേഖരൻ (ഐഎൻടിയുസി നേതാവ്) എന്നിവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകാൻ തീരുമാനിച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നു.
നേരത്തെ, സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവിൽ കോടതിയെ പഴിചാരുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് ജസ്റ്റിസ് എ. ബദറുദീൻ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്.
കോടതിയുടെ അധികാരത്തെ ഒരു ഘട്ടത്തിലും തരംതാഴ്ത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കെ. ബിജു കോടതിയിൽ വ്യക്തമാക്കിയിരുന്നു.
കേസിന്റെ ഗൗരവം കണക്കിലെടുത്ത്, പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ മനസിരുത്തി പരിശോധിച്ച്, പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2006 മുതൽ 2015 വരെയുള്ള കാലയളവിൽ ചട്ടങ്ങൾ ലംഘിച്ച് കശുവണ്ടി ഇറക്കുമതി ചെയ്തതിലൂടെ കോർപറേഷന് ഭീമമായ നഷ്ടം വരുത്തിയെന്നതാണ് സിബിഐ കേസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

