ആലപ്പുഴയിൽ സി.പി.എം നേതാവ് നടത്തിയ പരാമർശത്തിന് മറുപടിയുമായി മുൻ മന്ത്രിയും എം.എൽ.എയുമായ ജി സുധാകരൻ രംഗത്തെത്തി. അമ്പലപ്പുഴയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
തൻ്റെ നാവില്‍ ആണി അടിക്കുമെന്ന സി.പി.എം അമ്പലപ്പുഴ ഏരിയ സെക്രട്ടറി ശ്യാംജിയുടെ പ്രസ്താവനയെ അതീവ ഗൗരവത്തോടെയാണ് അദ്ദേഹം സമീപിച്ചത്. “ആണിയടിച്ച് കൊന്നത് യേശുക്രിസ്തുവിനെ അല്ലേയെന്ന്” ചോദിച്ച ജി സുധാകരൻ, “തന്നെ ആണിയടിക്കാൻ സിപിഎം ഓഫീസിൽ ആണി ഫാക്ടറി ഉണ്ടോ” എന്നും പരിഹസിച്ചു.
ജനാധിപത്യ സമൂഹത്തിൽ ഇത്തരം പ്രസ്താവനകൾ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, “കണ്ണിന് പകരം കണ്ണ് പല്ലിന് പകരം പല്ല് എന്നത് കാടൻ നിയമമാണ്. ഇത്തരം കാടൻ നിയമം ആണോ സിപിഎമ്മിൻ്റേത്” എന്നും ചോദിച്ചു.
നേരത്തെ, ജി സുധാകരൻ്റെ എം.എൽ.എ ഓഫീസിലേക്ക് സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെയായിരുന്നു ശ്യാംജി വിവാദ പ്രസ്താവന നടത്തിയത്. സി.പി.എമ്മിനെ അവഹേളിക്കാൻ ശ്രമിച്ചാൽ ജി സുധാകരൻ്റെ നാവിൽ ആണി അടിക്കേണ്ടിവരുമെന്നും, അദ്ദേഹം നാവ് വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നും ശ്യാംജി ആരോപിച്ചിരുന്നു.
ഈ പരാമർശങ്ങൾക്കെതിരെയാണ് ഇപ്പോൾ പരസ്യമായ മറുപടിയുമായി ജി സുധാകരൻ രംഗത്തെത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

