സംസ്ഥാനത്ത് നടന്നു വരുന്ന സെൻസസ് വിവരശേഖരണ നടപടികൾക്കെതിരെ വ്യാപക പരാതി ഉയരുന്നു. സെൻസസ് മാനദണ്ഡങ്ങൾ ലംഘിച്ച് എന്യൂമറേറ്റർമാർക്ക് അമിതമായ തോതിൽ വീടുകൾ അനുവദിച്ചതാണ് അധ്യാപകരടക്കമുള്ള ഉദ്യോഗസ്ഥരെ വലയ്ക്കുന്നത്.
സെൻസസ് മാന്വൽ പ്രകാരം ദുർഘട പ്രദേശങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഒരാൾ 100 മുതൽ 150 വരെ വീടുകൾ സന്ദർശിച്ചാൽ മതിയെന്നിരിക്കെ, പലർക്കും 450-ഓളം വീടുകൾ വരെ ലഭിച്ചതായാണ് ആക്ഷേപം.
ചങ്ങനാശേരി താലൂക്കിലെ വാകത്താനം പഞ്ചായത്ത് ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഇത്തരത്തിൽ പരാതികൾ ഉയർന്നിട്ടുണ്ട്. താലൂക്ക് ഓഫിസുകൾ വഴിയാണ് പഞ്ചായത്തുകളിലെ സെൻസസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
വീടുകളുടെ എണ്ണം അമിതമാണെന്ന് പരാതി ഉയർന്നപ്പോൾ, ചിലയിടങ്ങളിൽ എന്യൂമറേറ്ററെ പിൻവലിച്ച് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുകയും പഴയ ഉദ്യോഗസ്ഥരെ വീണ്ടും കൂടുതൽ വീടുകളുള്ള വാർഡുകളിലേക്ക് മാറ്റുകയും ചെയ്ത നടപടിയിൽ കടുത്ത പ്രതിഷേധമുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം ശനി, ഞായർ ദിവസങ്ങളിൽ സെൻസസ് ഡ്യൂട്ടി നിർവഹിക്കാനാണ് അധ്യാപകർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
പകരമായി പത്തു ദിവസത്തെ ഡ്യൂട്ടി ലീവ് ഒക്ടോബറിന് ശേഷം അനുവദിക്കാമെന്നാണ് അധികൃതരുടെ ധാരണ. എന്നാൽ, ഓണപ്പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ പൂർത്തിയാക്കേണ്ടതും സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങളിൽ പങ്കാളികളാകേണ്ടതും അധ്യാപകർക്ക് വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്.
ജോലിക്കിടെയുള്ള സുരക്ഷാ ഭീഷണിയും ആശങ്കയാകുന്നു. കാഞ്ഞിരപ്പള്ളിയിൽ സെൻസസ് ജോലിക്കിടെ തമ്പലക്കാട് എൻഎസ്എസ് യുപി സ്കൂൾ അധ്യാപിക കെ.ആർ.അനുജ രാജിന് നായയുടെ ആക്രമണത്തിൽ പരുക്കേറ്റു.
കള്ളിപ്പാറ ഭാഗത്ത് വിവര ശേഖരണം നടത്തുന്നതിനിടെ വീട്ടിലേക്ക് കയറിയ ഉടൻ നായ ചങ്ങല പൊട്ടിച്ച് ആക്രമിക്കുകയായിരുന്നു. വീട്ടുടമ കൃത്യസമയത്ത് ഇടപെട്ടതുകൊണ്ട് മാത്രം ഗുരുതരമായ കടിയേൽക്കാതെ അധ്യാപിക രക്ഷപ്പെട്ടു.
സമാനമായ സംഭവം പാലായിലും ഉണ്ടായി. കണ്ണാടിയുറുമ്പ് ഭാഗത്ത് വിവരശേഖരണത്തിന് എത്തിയ പാലാ സെന്റ് മേരീസ് സ്കൂൾ അധ്യാപകൻ ലിജോ ആനിത്തോട്ടം (43) നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരുക്കേറ്റ് ചികിത്സയിലാണ്.
12-ാം തീയതി വൈകിട്ട് 4.30-ഓടെയാണ് സംഭവം. തോൾമുട്ടിലും കാൽമുട്ടുകളിലും കൈക്കും ഗുരുതരമായ പരുക്കേറ്റ അധ്യാപകൻ ഇപ്പോൾ വിശ്രമത്തിലാണ്.
സെൻസസ് പ്രവർത്തനങ്ങൾക്കിടെയുള്ള നായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ, ഇത്തരം അപകടങ്ങളിൽ പെടുന്ന ജീവനക്കാർക്ക് അടിയന്തര ചികിത്സാ സഹായവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്ന ആവശ്യം അധ്യാപക സംഘടനകൾ ശക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

