ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസർ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിൽ സ്വന്തം പെൺമക്കളെ അനധികൃതമായി ഉൾപ്പെടുത്തിയ സംഭവത്തിൽ പിഎസ്സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു. ശിവശങ്കരപ്പ എസ്.
സഹുകർ ആണ് അച്ചടക്ക നടപടിക്ക് വിധേയനായത്. മക്കളായ സുമയെ സംവരണ ക്വോട്ടയിലും അനുരാധയെ ജനറൽ വിഭാഗത്തിലുമാണ് ഇദ്ദേഹം നിയമനപ്പട്ടികയിൽ തിരുകിക്കയറ്റിയത്.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിഷയം സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വിടണമെന്ന് ഗവർണർ രാഷ്ട്രപതിയോട് ശുപാർശ ചെയ്തിട്ടുണ്ട്. പിഎസ്സി അസിസ്റ്റന്റ് സെക്രട്ടറിയുടെ പരിശോധനയിലാണ് ക്രമക്കേട് പുറത്തുവന്നത്.
സംവരണ ആനുകൂല്യം ലഭിക്കുന്നതിനായി വാർഷിക വരുമാനം 40,000 രൂപ മാത്രമാണെന്ന് കാണിച്ചുകൊണ്ട് സുമ സമർപ്പിച്ചത് വ്യാജ വരുമാന സർട്ടിഫിക്കറ്റാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു.
തുടർന്ന്, കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വിഷയം ഗവർണറുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുകയും അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതുകയും ചെയ്തു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, കഴിഞ്ഞ 4-ാം തീയതി ചേർന്ന യോഗത്തിൽ പിഎസ്സി അംഗങ്ങൾ ചെയർമാനെ കമ്മിഷൻ നടപടികളിൽ നിന്നും മാറ്റിനിർത്താൻ തീരുമാനിച്ചിരുന്നു.
ഇദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പാസാക്കിയ പ്രമേയം നിലവിലുണ്ട്. എന്നാൽ, ഈ നടപടിക്കെതിരെ ചെയർമാൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് പ്രമേയം താൽക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

