അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടന്ന് എണ്ണ കടത്താൻ ശ്രമിച്ച റഷ്യയുടെ നിഴൽ കപ്പൽപ്പടയിൽപ്പെട്ട എണ്ണടാങ്കർ ബ്രിട്ടീഷ് സായുധ സേന പിടിച്ചെടുത്തു.
സ്മിർട്ടോസ് എന്ന കപ്പൽ ഞായറാഴ്ച പുലർച്ചെ ഇംഗ്ലീഷ് ചാനലിലൂടെ സഞ്ചരിക്കവേയാണ് ബ്രിട്ടീഷ് സേന തടഞ്ഞുവെച്ചത്. രാജ്യത്തിന്റെ ചരിത്രത്തിൽ ഇത്തരമൊരു നിഴൽ കപ്പലിൽ നേരിട്ട് സൈനികർ കയറി പരിശോധന നടത്തി പിടിച്ചെടുക്കുന്നത് ഇതാദ്യമായാണ്.
ബ്രിട്ടീഷ് റോയൽ മറൈൻ കമാൻഡോകളും നാഷണൽ ക്രൈം ഏജൻസിയിലെ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും സംയുക്തമായാണ് കപ്പൽ നിയന്ത്രണത്തിലാക്കിയത്. യുക്രെയ്നെതിരായ യുദ്ധം തുടരാൻ റഷ്യ നടത്തുന്ന ഉപരോധ ലംഘനങ്ങൾ തകർക്കുകയാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
സൈനിക നീക്കത്തിന് താനാണ് നേരിട്ട് നിർദ്ദേശം നൽകിയതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ അറിയിച്ചു. “പുടിന്റെ യുദ്ധത്തിന് ഇന്ധനം നൽകുന്നവർക്ക് ഒളിച്ചിരിക്കാൻ ഒരിടവും നൽകില്ലെന്ന മുന്നറിയിപ്പാണ് ഈ വിജയകരമായ നീക്കത്തിലൂടെ നൽകുന്നതെന്നും” കീർ സ്റ്റാർമർ എക്സിലൂടെ വ്യക്തമാക്കി.
നിലവിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ കപ്പൽ ബ്രിട്ടന്റെ തെക്കൻ തീരത്ത് തടഞ്ഞുനിർത്തുമെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. റഷ്യയുടെ സമാന സ്വഭാവമുള്ള നിഴൽ കപ്പലുകളെ പ്രതിരോധിക്കാൻ ഇതിനകം 500-ലധികം കപ്പലുകൾക്ക് ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് യുകെ പ്രതിരോധ സെക്രട്ടറി ഡാൻ ജാർവിസ് കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് റഷ്യൻ എണ്ണ കൊണ്ടുപോകുന്ന കപ്പലുകൾക്കെതിരെ യൂറോപ്യൻ രാജ്യങ്ങൾ കർശന നടപടികളിലേക്ക് കടക്കുകയാണ്. മെഡിറ്ററേനിയൻ കടലിൽ സംശയാസ്പദമായ വിദേശ കപ്പലുകൾ പരിശോധിക്കാൻ യൂറോപ്യൻ യൂണിയൻ അനുമതി നൽകിയിരുന്നു.
എന്നാൽ ഇതിനെ റഷ്യ ശക്തമായി എതിർത്തു. സിവിലിയൻ കപ്പലുകളെ ഭയപ്പെടുത്തുന്ന ഇത്തരം നീക്കങ്ങൾ സമുദ്ര സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ പ്രതികരിച്ചു.
അന്താരാഷ്ട്ര നിയമങ്ങളിൽ ‘നിഴൽ കപ്പൽപ്പട’ എന്നൊരു പദമില്ലെന്നും ഇത് യൂറോപ്യൻ യൂണിയൻ്റെ രാഷ്ട്രീയ നിർമ്മിതി മാത്രമാണെന്നുമാണ് റഷ്യയുടെ വാദം. റഷ്യൻ എണ്ണ കയറ്റുമതിക്ക് പാശ്ചാത്യ രാജ്യങ്ങൾ ബാരലിന് 60 ഡോളർ വിലപരിധി നിശ്ചയിച്ചതോടെയാണ് ഇത്തരം കപ്പലുകളുടെ പ്രവർത്തനം വർദ്ധിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

