കൊല്ലം ജില്ലയിലെ മൺറോത്തുരുത്തിൽ സ്ഥിതി ചെയ്യുന്ന പ്രാഥമികാരോഗ്യ കേന്ദ്രം (പിഎച്ച്സി) നിലവിൽ നേരിടുന്നത് ഗുരുതരമായ പ്രതിസന്ധിയാണ്. ഏകദേശം 70 വർഷത്തെ പഴക്കമുള്ള വില്ലിമംഗലം സബ്സെന്ററിലാണ് നിലവിൽ ആശുപത്രി പ്രവർത്തിച്ചു വരുന്നത്.
ഈ കെട്ടിടം അപകടാവസ്ഥയിലാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് നേരത്തെ തന്നെ റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്. ദ്രവിച്ചു തുടങ്ങിയ മേൽക്കൂരയും ഇളകിയ ഓടുകളും കാരണം ഏതു നിമിഷവും കെട്ടിടം തകർന്നു വീഴാവുന്ന അവസ്ഥയിലാണ്.
ഇതിനകം രണ്ട് തവണ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തമുണ്ടായ ചരിത്രവും ഈ കെട്ടിടത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് ദേശീയ ധാതു വികസന കോർപറേഷന്റെ (എൻഎംഡിസി) കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ടിൽ നിന്ന് 3.39 കോടി രൂപ ചെലവഴിച്ച് കണ്ട്രാംകാണി വാർഡിൽ പുതിയ ആശുപത്രി കെട്ടിടം നിർമിച്ചത്.
2025 ഒക്ടോബർ 23ന് കേന്ദ്രമന്ത്രി ജോർജ് കുര്യനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. നിർമിതി കേന്ദ്രത്തിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റും എൽഎസ്ജിഡി എഇയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ലഭിച്ചതിനെ തുടർന്ന് മുൻ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ പൂർത്തിയാക്കിയത്.
എന്നാൽ, നിർമാണം പൂർത്തിയായിട്ടും എട്ടു മാസമായിട്ടും കെട്ടിടത്തിൽ ആശുപത്രി പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. അഗ്നിരക്ഷാ സേനയുടെ അനുമതി ലഭിച്ചില്ലെന്നതും, മഴവെള്ള സംഭരണി, ശുദ്ധജല കണക്ഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് പ്രവർത്തനാനുമതി നിഷേധിക്കുകയായിരുന്നു.
അക്കാലയളവിൽ പഞ്ചായത്ത് ഭരണസമിതിയിലുണ്ടായിരുന്ന രാഷ്ട്രീയ ഭിന്നതകളും ഭരണപക്ഷ-പ്രതിപക്ഷ തർക്കങ്ങളും ഈ വിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കി. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമിച്ച സൗകര്യം രാഷ്ട്രീയ വൈരാഗ്യങ്ങളുടെ പേരിൽ നോക്കുകുത്തിയായി കിടക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
നിലവിൽ സംസ്ഥാനത്ത് യുഡിഎഫും പഞ്ചായത്തിൽ എൽഡിഎഫുമാണ് അധികാരത്തിലുള്ളത്. രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം ആരോഗ്യമേഖലയിലെ ഈ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

