ദേശീയ സെൻസസ് നടപടികളുടെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ സംവിധാനത്തിന് 16-ാം തീയതി തുടക്കമാവുകയാണ്. പൊതുജനങ്ങൾക്ക് ഔദ്യോഗിക സെൻസസ് വെബ് പോർട്ടലിലൂടെ തങ്ങളുടെ വിവരങ്ങൾ നേരിട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കുന്ന രീതിയാണിത്.
ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കുന്നതിനേക്കാൾ സൗകര്യപ്രദമായി, കൃത്യമായ വിവരങ്ങൾ നൽകാൻ ഈ സംവിധാനം സഹായിക്കുമെന്ന് ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫിസറും ജില്ലാ കലക്ടറുമായ പി. വിഷ്ണുരാജ് വ്യക്തമാക്കി.
പ്രവർത്തന രീതി
ജൂലൈ ഒന്ന് മുതൽ എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം ആരംഭിക്കും. അതിനു മുൻപുള്ള രണ്ടാഴ്ചത്തെ സമയം പൊതുജനങ്ങൾക്ക് സെൽഫ് എന്യൂമറേഷനായി വിനിയോഗിക്കാം.
ഓൺലൈനായി വിവരങ്ങൾ സമർപ്പിക്കുന്നവർക്ക് ലഭിക്കുന്ന 11 അക്ക ഐഡി നമ്പർ, ഉദ്യോഗസ്ഥർ എത്തുമ്പോൾ കൈമാറിയാൽ മതിയാകും. ഇത് ഉദ്യോഗസ്ഥരുടെ ജോലിഭാരം ലഘൂകരിക്കുന്നതിനൊപ്പം വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനും സഹായിക്കുന്നു.
മൊബൈൽ ഫോണിലൂടെയോ കംപ്യൂട്ടറിലൂടെയോ മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ഈ പ്രക്രിയ പൂർത്തിയാക്കാം. നടപടിക്രമങ്ങൾ
സെൻസസ് പോർട്ടലിൽ (https://se.census.gov.in/) ലോഗിൻ ചെയ്ത ശേഷം സംസ്ഥാനം, ഗൃഹനാഥന്റെ പേര്, മൊബൈൽ നമ്പർ എന്നിവ നൽകണം.
ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു വീടിന്റെ വിവരങ്ങൾ മാത്രമാണ് രേഖപ്പെടുത്താൻ സാധിക്കുക. ഫോണിലെത്തുന്ന ഒടിപി (OTP) നൽകി, ഭൂപടത്തിൽ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം കൃത്യമായി അടയാളപ്പെടുത്തിയാൽ തുടർനടപടികളിലേക്ക് നീങ്ങാം.
ചോദ്യങ്ങളും വിവരങ്ങളും
ആകെ 34 ചോദ്യങ്ങളാണ് സെൻസസ് ചോദ്യാവലിയിലുള്ളത്. കെട്ടിടത്തിന്റെ നിർമാണരീതി, വിസ്തീർണം, സൗകര്യങ്ങൾ, കുടിവെള്ള ലഭ്യത, ശുചിമുറി സൗകര്യം, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ലഭ്യത, താമസക്കാരുടെ വിവരങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.
സമർപ്പിക്കുന്നതിന് മുൻപ് വിവരങ്ങൾ പരിശോധിക്കാനും ആവശ്യമായ തിരുത്തലുകൾ വരുത്താനും അവസരമുണ്ട്. പ്രക്രിയ പൂർത്തിയാകുമ്പോൾ ‘എച്ച്’ (H) എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ തുടങ്ങുന്ന 11 അക്ക ഐഡി എസ്എംഎസ് വഴിയോ ഇ-മെയിൽ വഴിയോ ലഭിക്കും.
സെൻസസ് ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ ഈ നമ്പർ നൽകിയാൽ മതിയാകും. ഓൺലൈനായി നൽകിയ വിവരങ്ങളിൽ എന്തെങ്കിലും പിശകുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തുമ്പോൾ അവ തിരുത്താനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

