പശ്ചിമേഷ്യയിൽ സമാധാന കരാർ രൂപപ്പെടുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഇടിഞ്ഞു. മേഖലയിലെ സംഘർഷങ്ങൾക്ക് അയവുവരുന്നതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം സുഗമമാകുമെന്ന പ്രതീക്ഷയാണ് വിപണിയിൽ പ്രതിഫലിക്കുന്നത്.
നിലവിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 87 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്. ക്രൂഡ് ഓയിലിന്റെ മറ്റ് പ്രധാന ഇനങ്ങൾക്കെല്ലാം ബാരലിന് 90 ഡോളറിൽ താഴെയാണ് വില രേഖപ്പെടുത്തിയിട്ടുള്ളത്.
ഇതിനുപുറമെ, വെനസ്വേല, ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ലഭ്യത വർധിക്കുന്നതും വിപണിയിൽ അനുകൂല സാഹചര്യമൊരുക്കുന്നുണ്ട്. എണ്ണ വിതരണത്തിൽ സ്ഥിരത കൈവരിക്കാനായാൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 70 ഡോളറിലേക്ക് താഴുമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.
ഇന്ത്യയിലെ ഇന്ധനവിലയെ സംബന്ധിച്ച്, അന്താരാഷ്ട്ര വിപണിയിലെ ഈ മാറ്റങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. രാജ്യാന്തര വിപണിയിൽ വില ഉയർന്ന ഘട്ടത്തിലും കഴിഞ്ഞ 78 ദിവസമായി ഇന്ധനവിലയിൽ മാറ്റം വരുത്താതെ പിടിച്ചുനിർത്താൻ സർക്കാർ 1.23 ലക്ഷം കോടി രൂപയാണ് ചെലവഴിച്ചത്.
നിലവിലെ നഷ്ടം നികത്തിയ ശേഷം മാത്രമേ ഇന്ധനവില കുറയ്ക്കുന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കൂ എന്നാണ് സൂചനകൾ. അതേസമയം, ഇറാൻ എണ്ണയ്ക്കുമേലുള്ള ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട
കരാറുകൾ അന്തിമമായാൽ അത് ആഗോള ഇന്ധനവിലയിൽ കൂടുതൽ കുറവിന് വഴിയൊരുക്കും. കൂടാതെ, റഷ്യൻ എണ്ണയ്ക്കുമേലുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ തുടരുന്ന സാഹചര്യത്തിൽ, ഇന്ത്യ ഉൾപ്പെടെയുള്ള ചുരുക്കം രാജ്യങ്ങൾക്ക് റഷ്യ വലിയ കിഴിവ് നൽകാൻ സാധ്യതയുണ്ട്.
ഈ ഘടകങ്ങൾ ഇന്ത്യയുടെ വ്യാപാരക്കമ്മി കുറയ്ക്കുന്നതിനും സമ്പദ്വ്യവസ്ഥയ്ക്ക് ഉണർവേകുന്നതിനും സഹായകമാകുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

