തിരുവനന്തപുരം: ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത പൊതുപരിപാടിയിൽ കേരളത്തിലെ വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ പങ്കെടുത്തത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. ‘സംഘപരിവാറിന്റെ നൂറു വർഷങ്ങൾ’ എന്ന വിഷയത്തിൽ നഗരത്തിലെ ഉദയ കൺവെൻഷൻ സെന്ററിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ, എം ജി സർവകലാശാല വി സി ഡി മാവൂത്ത്, മലയാളം സർവകലാശാല വി സി സി ആർ പ്രസാദ് എന്നിവരാണ് ചടങ്ങിൽ സന്നിഹിതരായത്. മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയും കനത്ത സുരക്ഷാ സംവിധാനങ്ങളോടെയുമാണ് ഈ പരിപാടി പൂർത്തിയാക്കിയത്.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉന്നത പദവികൾ വഹിക്കുന്നവർ ഇത്തരം രാഷ്ട്രീയ സ്വഭാവമുള്ള പരിപാടികളിൽ പങ്കെടുത്തതിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയരുകയാണ്. അക്കാദമിക് പദവിയിലിരിക്കുന്നവർ രാഷ്ട്രീയ-വർഗീയ ചേരിതിരിവുകളെ പ്രോത്സാഹിപ്പിക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുന്നത് ഉചിതമാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
നേരത്തെ തന്നെ സർവകലാശാലകളിൽ കാവിവൽക്കരണ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമങ്ങൾ നടക്കുന്നതായി സി പി എമ്മും കോൺഗ്രസും വിദ്യാർത്ഥി സംഘടനകളും ഉന്നയിച്ചിരുന്നു. ഇപ്പോഴത്തെ ഈ സംഭവവികാസങ്ങൾ ഇത്തരം ആരോപണങ്ങളെ കൂടുതൽ ശക്തമാക്കുന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

