വാൻ ഹയി ദൂരേക്ക് മാറ്റാൻ ശ്രമം തുടരുന്നു; കാലാവസ്ഥ പ്രതികൂലം, കപ്പലിൽ വീണ്ടും പുക ഉയരുന്നു
കൊച്ചി ∙ കേരള തീരത്തിനടുത്ത് അറബിക്കടലിൽ തീ പിടിച്ച സിംഗപ്പൂര്‍ കപ്പൽ വാൻ ഹയി 503 ദൂരത്തേക്കു വലിച്ചു മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കാലാവസ്ഥ പ്രതികൂലമായത് രക്ഷാദൗത്യത്തെ ബാധിച്ചിട്ടുണ്ടെങ്കിലും കപ്പൽ ഇപ്പോൾ കൊച്ചി തീരത്തുനിന്ന് 47 നോട്ടിക്കൽ മൈൽ അകലെ വരെ എത്തിക്കാനായി.
തീ പിടിച്ച അവസ്ഥയിലാണെങ്കിലും നിയന്ത്രണവിധേയമാണെന്ന് ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കി. കപ്പലിൽനിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്.
അതോടൊപ്പം, ആലപ്പുഴ തോട്ടപ്പിള്ളി സ്പിൽവേയ്ക്ക് 14.6 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയ എംഎസ്സി എൽസ 3 കപ്പലിലെ രക്ഷാദൗത്യങ്ങളെയും മോശം കാലാവസ്ഥ ബാധിച്ചിട്ടുണ്ട്.
Also Read
ഇന്നലെ വൈകിട്ട് കപ്പലിനെ ടഗ് ഓഫ്ഷോർ വാരിയറുമായി ബന്ധിപ്പിക്കാൻ രക്ഷാപ്രവർത്തകർക്കു കഴിഞ്ഞിരുന്നു. ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കടലും അതിജീവിച്ച് 4 പേർ കപ്പലിന്റെ മേൽത്തട്ടിൽ ഇറങ്ങിയാണ് വടമുപയോഗിച്ചു കപ്പലിനെ ബന്ധിപ്പിച്ചത്.
കൊച്ചിയുടെ പടിഞ്ഞാറൻ തീരത്തുനിന്ന് 22 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപ്പോൾ കപ്പല്‍. ശക്തമായ ഒഴുക്ക് ഉള്ളതിനാൽ കപ്പൽ തീരത്തേക്ക് എത്തുമോ എന്ന ആശങ്കയ്ക്കിടെയായിരുന്നു കപ്പലിനെ വീണ്ടും ടഗ്ഗുമായി ബന്ധിക്കാനായത്.
രാവിലെ ആയപ്പോഴേക്കും കപ്പലിനെ പുറം കടലിലേക്ക് 27 നോട്ടിക്കൽ മൈലും ഉച്ചകഴിഞ്ഞ് 40 നോട്ടിക്കൽ മൈലും ദൂരത്തേക്കു വലിച്ചു കൊണ്ടുപോകാൻ സാധിച്ചു. വൈകിട്ട് നാലു മണിയോടെയാണ് കപ്പലിനെ 47 നോട്ടിക്കൽ മൈൽ ദൂരത്ത് എത്തിച്ചത്.
മോശം കാലാവസ്ഥ ആയതിനാൽ വളരെ മെല്ലെയാണു കപ്പലിനെ വലിച്ചു നീക്കുന്നത്. മണിക്കൂറിൽ 2.7 കിലോമീറ്ററാണ് ഇതിന്റെ വേഗം.
Also Read
തീരസംരക്ഷണ സേനയുടെ കപ്പലുകളായ സക്ഷം, സമർഥ്, വിക്രം, നാവികസേനാ കപ്പലായ ഒഎസ്വി ട്രിട്ടോൺ ലിബർട്ടി തുടങ്ങിയവ കപ്പൽ വലിച്ചുകൊണ്ടു പോകുന്നതിനെ അനുഗമിക്കുന്നുണ്ട്.
ഓഫ്ഷോർ വാരിയർ, ഗാർനെറ്റ്, വാട്ടർ ലില്ലി എന്നീ ടഗ്ഗുകളാണ് പ്രധാനമായും തീ പിടിച്ച കപ്പലിനെ വലിച്ചുകൊണ്ടു പോകുന്നത്. ഡക്കിനു മുകളിലെ തീ ഏറെക്കുറെ അണയ്ക്കാൻ സാധിച്ചിട്ടുണ്ട്.
കപ്പലിൽനിന്നു ശക്തമായ പുക ഉയരുന്നതു ഡെക്കിന്റെ അടിയിൽ ഇപ്പോഴും തീയുള്ളതുകൊണ്ടാണെന്നാണ് സംശയം. എത്ര അണച്ചാലും തീ വീണ്ടും പടരുന്നതിനു കാരണം കപ്പലിലെ കണ്ടെയ്നറുകളിലുള്ള തീ പിടിക്കുന്ന രാസവസ്തുക്കളാണെന്നാണ് നിഗമനം.
Also Read
എംഎസ്സി എൽസ 3യിൽ ഇന്ധനം നീക്കം ചെയ്യുക, കണ്ടെയ്നറുകള്‍ ഉയർത്തിയെടുക്കു തുടങ്ങിയ കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ ഷിപ്പിങ് ഡയറക്ടർ ജനറൽ അന്ത്യശാസനം നൽകിയിരുന്നു.
ഇതിനെ തുടർന്ന് കപ്പലിലെ ഇന്ധന ടാങ്കുകളിലുള്ള ചോർച്ച പൂർണമായി അടയ്ക്കാൻ കപ്പൽ ഉടമയ്ക്കും അവർ നിയോഗിച്ച സാൽവേജ് ടീമിനുമായി. ഇന്ധനം നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനം ഉടൻ തുടങ്ങാനാണു പദ്ധതിയിട്ടിരുന്നതെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ഇതു വൈകിയേക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

