ശബരിമല യുവതി പ്രവേശനം സംബന്ധിച്ച ഹർജികളിൽ സുപ്രീംകോടതിയിലെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വാദം കേൾക്കൽ പൂർത്തിയായി. കേസ് വിധി പറയാനായി മാറ്റി വെച്ചു.
മതസ്വാതന്ത്ര്യം, ആചാരങ്ങൾ, കോടതി ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങളിൽ 16 ദിവസങ്ങളിലായി നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്കൊടുവിലാണ് നടപടികൾ പൂർത്തിയായത്. ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കരുത് എന്ന നിലപാടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയിൽ സ്വീകരിച്ചത്.
എന്നാൽ, ആചാരപരമായ കാര്യങ്ങളിൽ കോടതി ഇടപെടാൻ പാടില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. നേരത്തെ യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടിലായിരുന്ന സംസ്ഥാന സർക്കാർ, തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത്തവണ കൃത്യമായ നിലപാട് വ്യക്തമാക്കിയില്ല.
ആചാരങ്ങളിൽ കോടതി ഇടപെടേണ്ടതില്ലെന്ന് യുവതി പ്രവേശത്തെ എതിർക്കുന്നവർ വാദിച്ചപ്പോൾ, മതത്തിന് പുറത്തുനിൽക്കുന്നവർക്കും ആചാരങ്ങളെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്നായിരുന്നു എതിർപക്ഷത്തിന്റെ വാദം. വാദത്തിനിടെ, യുവതി പ്രവേശത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ ജസ്റ്റിസ് നാഗരത്ന നടത്തി.
ലക്ഷക്കണക്കിന് ആളുകൾ വർഷങ്ങളായി പാലിച്ചുപോരുന്ന ആചാരങ്ങളെ എങ്ങനെയാണ് കോടതിക്ക് തെറ്റാണെന്ന് പറയാൻ കഴിയുക എന്ന ചോദ്യം ചീഫ് ജസ്റ്റിസും ഉന്നയിച്ചു. ഒമ്പതംഗ ഭരണഘടന ബെഞ്ച് കൈക്കൊള്ളുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും നിലവിലെ വിധി പുനഃപരിശോധിക്കണോ എന്ന് തീരുമാനിക്കുക.
തുടർന്ന് അഞ്ചംഗ ബെഞ്ചിനെ രൂപീകരിച്ച് വീണ്ടും വാദം കേൾക്കാനാണ് സാധ്യത. വേനലവധിക്ക് ശേഷം കോടതി വിധി പ്രസ്താവിക്കുമെന്നാണ് സൂചനകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

