കൊല്ലം: ട്രെയിൻ യാത്രയ്ക്കിടെ ആറു വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവം റെയിൽവേയിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ഗൗരവതരമായ ചോദ്യങ്ങൾ വീണ്ടും ഉയർത്തുന്നു. കേരള എക്സ്പ്രസിൽ മദ്യപിച്ചയാൾ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട
സംഭവത്തിന്റെ നടുക്കം മാറും മുൻപാണ് പുതിയ ദുരനുഭവം ഉണ്ടായിരിക്കുന്നത്. ട്രെയിനുകളിലെ ജനറൽ കംപാർട്മെന്റുകളിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷയാണ് നിലവിൽ പ്രധാനമായും ആശങ്ക ഉയർത്തുന്നത്.
ജനറൽ കംപാർട്മെന്റുകൾ മറ്റ് കോച്ചുകളുമായി ബന്ധമില്ലാത്ത രീതിയിൽ ക്രമീകരിച്ചിരിക്കുന്നത് സുരക്ഷാ പരിശോധനകൾക്ക് വലിയ തടസ്സമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഗവ.
റെയിൽവേ പൊലീസ് (ജിആർപി) ആണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതെങ്കിലും, കടുത്ത തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ ഉദ്യോഗസ്ഥർക്ക് ഇത്തരം കംപാർട്മെന്റുകളിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല. കോച്ചുകൾ തമ്മിൽ പരസ്പര ബന്ധമില്ലാത്തത് കാരണം അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാരുടെ പരാതികൾ സ്വീകരിക്കാൻ ട്രെയിൻ അടുത്ത സ്റ്റേഷനുകളിൽ നിർത്തിയിടേണ്ടി വരുന്നു.
പാലരുവി എക്സ്പ്രസിൽ യാത്ര ചെയ്ത പെൺകുട്ടിയാണ് ഇത്തവണ ദുരനുഭവം നേരിട്ടത്. 11 ജനറൽ കോച്ചുകളും 5 സ്ലീപ്പർ കോച്ചുകളുമുള്ള ഈ ട്രെയിനിൽ, പൊലീസ് സുരക്ഷ സ്ലീപ്പർ കോച്ചുകളിൽ മാത്രമായി ഒതുങ്ങുന്നു.
വൈകിട്ട് ആറിന് ശേഷമുള്ള ട്രെയിനുകളിൽ ജിആർപി ഉദ്യോഗസ്ഥരുടെ സാന്നിധ്യം നിർബന്ധമാണെങ്കിലും, പുനലൂർ പാതയിൽ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത് 30-ൽ താഴെ പൊലീസുകാരെ മാത്രമാണ്. കിളികൊല്ലൂർ മുതൽ എറണാകുളം വരെ നീളുന്ന റൂട്ടിൽ ഈ ചെറിയ സംഘത്തിന് സുരക്ഷയൊരുക്കേണ്ടി വരുന്നത് വലിയ വെല്ലുവിളിയാണ്.
പുനലൂർ-ചെങ്കോട്ട പാതയിലെ തുരങ്കങ്ങൾ കണക്കിലെടുത്ത് ട്രെയിനുകളിൽ കൂടുതൽ പൊലീസുകാരെ നിയമിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നു.
ലഹരി മരുന്ന് കടത്ത്, ഹവാല ഇടപാടുകൾ തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയാനും കർശന പരിശോധന അനിവാര്യമാണ്. അടുത്തിടെ തമിഴ്നാട്ടിൽ നിന്ന് രേഖകളില്ലാതെ കൊണ്ടുവന്ന 25 ലക്ഷം രൂപ റെയിൽവേ പൊലീസ് പിടികൂടിയിരുന്നു.
തിരുവനന്തപുരം, മധുര റെയിൽവേ ഡിവിഷനുകൾക്ക് കീഴിലുള്ള 27 സ്റ്റേഷനുകളിലും സുരക്ഷാ സംവിധാനങ്ങൾ പരിമിതമാണ്. പരവൂർ മുതൽ ഓച്ചിറ വരെയുള്ള സ്റ്റേഷനുകൾ തിരുവനന്തപുരം ഡിവിഷന്റെയും, ആര്യങ്കാവ് മുതൽ കിളികൊല്ലൂർ വരെയുള്ളവ മധുര ഡിവിഷന്റെയും കീഴിലാണ്.
റെയിൽവേയുടെ വസ്തുവകകളുടെ സംരക്ഷണം റെയിൽവേ സംരക്ഷണ സേനയുടെ (ആർപിഎഫ്) ചുമതലയാണെങ്കിലും, പല ചെറിയ സ്റ്റേഷനുകളിലും ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളില്ലാത്തത് കുറ്റവാളികൾക്ക് അവസരമൊരുക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

