കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചു. പത്ത് ദിവസത്തോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വിരാമമിട്ടുകൊണ്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഈ സാഹചര്യത്തിൽ, ബിഗ് ബോസ് മുൻ ജേതാവും നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന അഖിൽ മാരാർ ആശംസകളുമായി രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“മുഖ്യമന്ത്രി ആയ വി ഡി സതീശന് ഹൃദയത്തിൽ നിന്നും ആശംസകൾ.. ജനങ്ങളോട് പറഞ്ഞ വാക്കുകൾ പാലിച്ചില്ലെങ്കിൽ പിണറായി വിജയനെ എതിർത്തതിന്റെ പത്തിരട്ടി അങ്ങയെ എതിർക്കാൻ ഞാനും മുന്നിൽ ഉണ്ടാവും..
പറഞ്ഞ വാക്കുകൾ പാലിച്ചു ജനങ്ങളോട് നീതി പുലർത്തണം എന്നൊരു അപേക്ഷ മാത്രം” എന്നാണ് അഖിൽ മാരാർ കുറിച്ചത്. തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുൻനിര പ്രചാരകനായിരുന്ന വി ഡി സതീശനൊപ്പം, എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ സി വേണുഗോപാൽ, ഹരിപ്പാട് മണ്ഡലത്തിൽ നിന്നും വിജയിച്ച മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു.
ഹൈക്കമാൻഡ് പ്രതിനിധികൾ തിരുവനന്തപുരത്തെത്തി എംഎൽഎമാരുടെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായങ്ങൾ തേടിയതിന് ശേഷമാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. ജയറാം രമേശ് മാധ്യമങ്ങളോട് സംസാരിച്ചതിനെ തുടർന്നാണ് പ്രഖ്യാപനം ഔദ്യോഗികമായത്.
പൊതുജനങ്ങളിൽ വി ഡി സതീശനുള്ള സ്വീകാര്യത കണക്കിലെടുത്താണ് നേതൃത്വം ഈ തീരുമാനത്തിലേക്ക് എത്തിയത്. പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യുഡിഎഫ് പ്രവർത്തകർ ആഘോഷങ്ങൾ സംഘടിപ്പിച്ചു.
തിങ്കളാഴ്ച പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മന്ത്രിസഭാ രൂപീകരണവും വകുപ്പുകളുടെ വിഭജനവുമാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന കാര്യങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

