അല്ലു അർജുന്റെ സിനിമാ ജീവിതത്തിൽ വലിയ വഴിത്തിരിവായ ചിത്രമായിരുന്നു ‘പുഷ്പ’. തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതമായിരുന്ന നടനെ ഉത്തരേന്ത്യൻ പ്രേക്ഷകരിലേക്കും വലിയ രീതിയിൽ എത്തിക്കാൻ ഈ ചിത്രത്തിന് സാധിച്ചു.
ആദ്യ ഭാഗത്തിന്റെ വിജയത്തിന് പിന്നാലെ എത്തിയ രണ്ടാം ഭാഗം പാൻ ഇന്ത്യൻ തലത്തിൽ വലിയ തരംഗം സൃഷ്ടിക്കുകയും ചെയ്തു. പുഷ്പരാജ് എന്ന കഥാപാത്രത്തിന്റെ ഡയലോഗുകളും മാനറിസങ്ങളും നൃത്തച്ചുവടുകളും വലിയ തോതിൽ ജനശ്രദ്ധയാകർഷിച്ചു.
എന്നാൽ, ഈ ജനപ്രീതി നിർമ്മാതാക്കൾക്ക് സാമ്പത്തികമായി ചില വെല്ലുവിളികൾ സൃഷ്ടിച്ചിരുന്നു. താരത്തിന്റെ മാനറിസങ്ങളും സ്റ്റൈലും നൃത്തച്ചുവടുകളും അനുമതിയില്ലാതെ പരസ്യങ്ങൾക്കായി വ്യാപകമായി ഉപയോഗിക്കപ്പെട്ടതാണ് ഇതിന് കാരണം.
ഈ സാഹചര്യത്തിൽ, മുൻകരുതൽ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് അല്ലു അർജുൻ നായകനാവുന്ന പുതിയ ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ആറ്റ്ലി സംവിധാനം ചെയ്യുന്ന ‘രാക്ക’ എന്ന ചിത്രത്തിലാണ് താരം ഇനി വേഷമിടുന്നത്.
ചിത്രത്തിലെ അല്ലു അർജുന്റെ കഥാപാത്രത്തിന്റെ മാനറിസങ്ങളും സിഗ്നേച്ചർ ഡാൻസ് സ്റ്റെപ്പുകളും വാണിജ്യ ആവശ്യങ്ങൾക്കായി അനധികൃതമായി ഉപയോഗിക്കുന്നതിൽ നിന്ന് സംരക്ഷിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം. ഡെക്കാൺ ക്രോണിക്കിൾ ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്.
പരസ്യ ചിത്രങ്ങൾ, എഐ (AI) നിർമ്മിത ഉള്ളടക്കം, അനൗദ്യോഗിക പ്രചരണങ്ങൾ എന്നിവ തടയുന്നതിലൂടെ ചിത്രത്തിന്റെ ജനപ്രിയ ഘടകങ്ങളുടെ ബ്രാൻഡിംഗ് റൈറ്റ്സ് നിർമ്മാതാക്കൾക്ക് നിലനിർത്താൻ സാധിക്കും. അല്ലു അർജുനും ആറ്റ്ലിയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ വർക്കിംഗ് ടൈറ്റിൽ ‘എഎ 22- എ 6’ എന്നായിരുന്നു.
ഏപ്രിലിൽ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഷേവ് ചെയ്ത തലയും ദേഹമാസകലം രോമവും കൂർത്ത നഖങ്ങളുമായി തികച്ചും വ്യത്യസ്തമായ ലുക്കിലാണ് താരം ചിത്രത്തിൽ എത്തുന്നത്.
വെറൈറ്റിയുടെ റിപ്പോർട്ട് പ്രകാരം 700 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിഎഫ്എക്സിന് വലിയ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ മുംബൈയിൽ കഴിഞ്ഞ വർഷം ജൂണിലാണ് ആരംഭിച്ചത്.
മൂന്ന് മാസം നീണ്ടുനിന്ന ഈ ഷെഡ്യൂൾ, അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ ഔട്ട്ഡോർ ഷെഡ്യൂൾ കൂടിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

