സ്വർണത്തിന്റെ ഇറക്കുമതി തീരുവയും കാർഷിക സെസും ഉൾപ്പെടെ മൊത്തം 15 ശതമാനമായി വർധിപ്പിച്ച നടപടി രാജ്യത്ത് സ്വർണക്കള്ളക്കടത്ത് വർധിക്കുന്നതിന് വഴിയൊരുക്കുമെന്ന് വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒരു കിലോഗ്രാം സ്വർണം അനധികൃതമായി ഇന്ത്യയിലേക്ക് എത്തിക്കുക വഴി കള്ളക്കടത്തുകാർക്ക് ചുരുങ്ങിയത് 5 ലക്ഷം രൂപയുടെ ലാഭം ലഭിക്കുമെന്ന സാഹചര്യമാണ് ഇതിലേക്ക് നയിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ അതീവ ജാഗ്രത പുലർത്തിവരികയാണ്. ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളിൽ കസ്റ്റംസ് വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
2024-ൽ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചതോടെ സ്വർണക്കടത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) ചേർന്ന് 2022–23 സാമ്പത്തിക വർഷത്തിൽ 4,860.76 കിലോഗ്രാം സ്വർണവും, 2023–24ൽ 6,188 കിലോഗ്രാം സ്വർണവുമാണ് പിടികൂടിയത്.
എന്നാൽ, തീരുവ കുറച്ച 2024–25 സാമ്പത്തിക വർഷത്തിൽ ഈ ഏജൻസികൾ പിടികൂടിയത് 3673 കിലോഗ്രാം സ്വർണം മാത്രമാണ്. 2025–26 കാലയളവിലും സ്വർണക്കടത്ത് കേസുകളിൽ കുറവ് പ്രകടമായിരുന്നു.
2024 വരെ ഒരു കിലോഗ്രാം സ്വർണക്കടത്തിലൂടെ 3–4 ലക്ഷം രൂപയായിരുന്നു ഇടനിലക്കാരുടെ ലാഭമെങ്കിൽ, നിലവിലെ വർധനവ് ഈ ലാഭവിഹിതം ഉയർത്തുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സ്വർണക്കടത്തിൽ ഗണ്യമായ കുറവുണ്ടായെങ്കിലും, ഇന്തൊനീഷ്യ കേന്ദ്രീകരിച്ച് ഇന്ത്യയിലേക്ക് സ്വർണം കടത്തുന്നതായിട്ടുള്ള സൂചനകളും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

