‘ഫാമിലി മാൻ’ എന്ന വെബ്സീരീസിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടൻ ഷാരിബ് ഹാഷ്മിയും ഭാര്യ നസ്റീനും തമ്മിലുള്ള പ്രണയബന്ധം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. തുടർച്ചയായി അർബുദബാധയെ നേരിടുന്ന ഭാര്യയ്ക്ക് എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കരുത്തായി കൂടെനിൽക്കുന്ന ഷാരിബ് ഹാഷ്മിയുടെ സ്നേഹമാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്.
2018-ലാണ് നസ്റീന് ആദ്യമായി ഓറൽ കാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് അഞ്ച് തവണ ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടി വന്നു.
ഇപ്പോൾ ആറാം തവണയും രോഗം ബാധിച്ചിരിക്കുകയാണ്. തന്റെ രോഗത്തെക്കുറിച്ചും ഷാരിബിന്റെ കരുതലിനെക്കുറിച്ചും നസ്റീൻ പങ്കുവെച്ച അനുഭവങ്ങൾ ഇങ്ങനെയാണ്: “ഫാമിലി മാന്റെ അണിയറക്കാര്യങ്ങൾ നടക്കുന്ന സമയമായിരുന്നു അത്.
അവർ ലഞ്ച് കഴിക്കാൻ പോകുന്ന സമയം. എന്നാൽ എന്റെ ബയോസ്പി റിപ്പോർട്ടിന്റെ കാര്യം ഹാഷ്മി അപ്പോൾ ഓർക്കുകയും വീട്ടിലേക്ക് തിരിച്ച് വരികയും ചെയ്തു.
കാൻസറാണെന്ന് പറഞ്ഞതും ഹാഷ്മി വല്ലാതെ തകർന്ന് പോയി. പൊട്ടിക്കരഞ്ഞു.
വിഷമിക്കേണ്ട, എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചത് ഇപ്പോഴും എനിക്ക് ഓർമയുണ്ട്. വായിൽ അഞ്ച് ശസ്ത്രക്രിയകളാണ് നടത്തിയത്.
ഇതോടെ എന്റെ രൂപം തന്നെ മാറി പോയി. എന്റെ പഴയ ഫോട്ടോകൾ കാണുമ്പോൾ ഞാൻ എന്ത് സുന്ദരിയാണെന്ന് ചിന്തിക്കാറുണ്ട്.
ഈ യാത്ര ഒരിക്കലും എളുപ്പമുള്ളതല്ല. പക്ഷേ നിലവിൽ എനിക്ക് എന്റെ കുടുംബത്തോടൊപ്പം ഇരിക്കാൻ പറ്റുന്നുണ്ട്”.
“ഇതെല്ലാം സംഭവിച്ചിട്ടും ഹാഷ്മി എന്നെ ഇട്ടേച്ച് പോയില്ല. ഷൂട്ടിങ്ങ് തിരക്കിനിടയിലും ആശുപത്രിയിൽ എത്തുമായിരുന്നു.
ഡിസ്ചാർജ് ആകുന്നത് വരെ ബാഗും കയ്യിൽ പിടിച്ച് എന്നെയും കാത്തിരിക്കും. എന്റെ ഏറ്റവും വേദന നിറഞ്ഞ നിമിഷങ്ങളിലും ഹാഷ്മി ഒപ്പമുണ്ടായതായിരുന്നു ഏറ്റവും വലിയ ദൈര്യവും ആശ്വാസവും”, നസ്റീൻ കൂട്ടിച്ചേർത്തു.
ഭാര്യയുടെ രോഗാവസ്ഥയെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചും ഷാരിബ് ഹാഷ്മി പങ്കുവെച്ച വാക്കുകൾ: “അഞ്ച് ശസ്ത്രക്രിയകൾക്കാണ് അവൾ വിധേയയാത്. അഞ്ച് തവണയും രോഗബാധിതയായിരുന്നു.
ആറാം തവണയും ഇപ്പോൾ അത് തിരിച്ച് വന്നിരിക്കുകയാണ്. ഇത്തവണ കാൻസർ എല്ലായിടത്തും വ്യാപിച്ചിട്ടുണ്ട്.
ഇതും അവൾ തരണം ചെയ്യും. ഈ നിമിഷവും കടന്നു പോകും.
ചികിത്സ നടക്കുകയാണ്. തന്റെ രോഗത്തെ നസ്റീൻ കൈകാര്യം ചെയ്യുന്ന രീതി ഞങ്ങൾക്കും ധൈര്യം തരും.
പലയാവർത്തി വന്നിട്ടും അവൾ കാൻസറിനോട് സധൈര്യം പോരാടി. പോരാടിക്കൊണ്ടിരിക്കുന്നു”.
രോഗാവസ്ഥയിലും തളരാതെ പോരാടുന്ന നസ്റീന് ആശംസകളുമായും, ജീവിതത്തിന്റെ എല്ലാ പ്രതിസന്ധികളിലും പങ്കാളിയെ ചേർത്തുപിടിച്ച ഷാരിബ് ഹാഷ്മിയെ അഭിനന്ദിച്ചും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

