
രംഗബോധമില്ലാത്ത കോമാളി എന്നും ക്ഷണിക്കപ്പെടാതെ എത്തുന്ന അതിഥി എന്നും ഒക്കെയാണ് മരണത്തെ നാം സാധാരണ വിശേഷിപ്പിക്കുന്നത്. ഈ വിശേഷണങ്ങൾ അനുയോജ്യമാണ് എന്ന് തെളിയിക്കുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. നാലുതവണ സ്തനാർബുദത്തെ അതിജീവിച്ച ഒരു സ്ത്രീ കഴിഞ്ഞദിവസം കൊളാറോഡയിൽ കൊല്ലപ്പെട്ടത് അവരുടെ വീട്ടിലേക്ക് ലക്ഷ്യം തെറ്റിയെത്തിയ വെടിയേറ്റാണ്.
ദി പീപ്പിൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് നാല് കുട്ടികളുടെ അമ്മയും 49 -കാരിയുമായ ജെന്നിഫർ ജെയിംസ് എന്ന സ്ത്രീയാണ് ഈ ദാരുണസംഭവത്തിൽ കൊല്ലപ്പെട്ടത്. ഏപ്രിൽ 28 -ന് കൊളറാഡോയിലെ ബെർതൗഡിലെ വീട്ടിൽ മക്കളോടൊപ്പം ചെലവഴിക്കുന്നതിനിടയിലാണ് വീടിൻറെ ഗ്ലാസ് ഡോർ തുളച്ചു കയറിവന്ന വെടിയുണ്ട ജെന്നിഫറിൻ്റെ ശരീരത്തിൽ കൊണ്ടത്. ലാരിമർ കൗണ്ടി ഷെരീഫ് ഓഫീസും (LCSO) ഫേസ്ബുക്കിൽ സംഭവം ശരിവെച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
പ്രാദേശിക സമയം രാത്രി 11:20 ഓടെയാണ് സംഭവം അറിഞ്ഞ് പൊലീസ് ജെന്നിഫറിൻ്റെ വീട്ടിൽ എത്തുന്നത്. എൽസിഎസ്ഒയിലെ ഡെപ്യൂട്ടികളും കൊളറാഡോ സ്റ്റേറ്റ് പട്രോൾ ട്രൂപ്പറും ഉൾപ്പെടെയുള്ള സംഘം ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി. പക്ഷേ ആ പരിശ്രമങ്ങൾ ഒന്നും ഫലം കണ്ടില്ല. സംഭവസ്ഥലത്ത് വെച്ച് തന്നെ ജെന്നിഫർ മരണമടഞ്ഞു.
സമീപപ്രദേശങ്ങളിലെ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 20 വയസ്സുകാരനായ എബനേസർ എന്നയാളാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞതായി പ്രാദേശിക സ്റ്റേഷൻ കെഡിവിആർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെയ് ഒന്നിന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. താൻ തന്നെയാണ് വെടിയുതിർത്തത് എന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.
എന്നാൽ, കാറിനുള്ളിൽ നിന്ന് തോക്ക് വൃത്തിയാക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടി ഉതിർന്നതാണ് കാരണമെന്നായിരുന്നു റിപ്പോർട്ട്. സംഭവത്തിനുശേഷം അവിടെ നിന്ന് വണ്ടിയിൽ കയറി രക്ഷപ്പെടുകയും ചെയ്തു. ഇയാൾക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ജൂൺ ആറിന് കോടതി കേസ് പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]