കോഴിക്കോട്: നാദാപുരം എംഇടി കോളജ് കാമ്പസിലും പരിസരത്തുമായി ഉണ്ടായ വിദ്യാർഥി സംഘർഷത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. സിനിമാ സ്റ്റൈൽ സംഘട്ടനങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
ചൂരൽ പ്രയോഗം നടത്തിയിട്ടും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പൊലീസ് എത്തിയതോടെ പരുക്കേറ്റവർ ഉൾപ്പെടെയുള്ളവർ ഓടിരക്ഷപ്പെട്ടു.
വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയവരും പിന്നീട് മുങ്ങുകയായിരുന്നു. ജൂനിയർ വിദ്യാർഥികളിൽ ഒരാളെ മുതിർന്ന വിദ്യാർഥികൾ കോളജിലേക്കുള്ള വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചതാണ് സംഘർഷത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി.
ഇതിനു പിന്നാലെ സ്കൂട്ടറുകളിലും ബൈക്കുകളിലുമായി എത്തിയ വിദ്യാർഥികൾ ചേരിതിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവവിവരമറിഞ്ഞ് രക്ഷിതാക്കളും കോളജിലേക്ക് ആശങ്കയോടെയെത്തി.
പരുക്കേറ്റവരെ നാദാപുരം താലൂക്ക് ആശുപത്രിയിലും ന്യൂക്ലിയസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും അവിടെവെച്ചും ഇരുവിഭാഗം വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവുവന്നത്.
ദേവർകോവിൽ സ്വദേശിയും ഒന്നാം വർഷ വിദ്യാർഥിയുമായ ശങ്കൂന്റകണ്ടി മുഹമ്മദ് നജാദിനെ (19) ഹെൽമറ്റ് ഉപയോഗിച്ച് അടക്കം മർദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന ആറ് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒട്ടേറെപ്പേർക്ക് മർദനമേറ്റിട്ടുണ്ടെങ്കിലും മറ്റാരും പരാതിയുമായി മുന്നോട്ടുവരാത്തതിനാലാണ് ഇവർക്കെതിരെ കേസെടുക്കാത്തതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്. അച്ചടക്കലംഘനത്തിന്റെ പശ്ചാത്തലത്തിൽ മൂന്നാം വർഷ വിദ്യാർഥികളായ 16 പേരെയും ഒന്നാം വർഷ വിദ്യാർഥികളായ 6 പേരെയും കോളജിൽ നിന്നും സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ ഡോ.
ഷാനിഫ് അറിയിച്ചു. സംഘർഷത്തിൽ കൂടുതൽ വിദ്യാർഥികൾക്ക് പങ്കുണ്ടോയെന്ന കാര്യവും പരിശോധിച്ചുവരുന്നുണ്ട്.
വിഷയത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എംഇടി ചെയർമാൻ യൂനുസ് ഹസൻ വ്യക്തമാക്കി. അതേസമയം, എംഇടി കോളജിലെ സംഘർഷത്തിന്റെ തുടർച്ചയെന്നോണം തൂണേരി പട്ടാണിയിൽ പരസ്പരം ഏറ്റുമുട്ടിയ പത്ത് വിദ്യാർഥികൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കായക്കൊടി സ്വദേശി വി.കെ.പി. മുഹമ്മദ് ഷിസാൻ, വിലാതപുരം സ്വദേശി കളത്തിൽ മുഹമ്മദ് ജുമാൻ, നാദാപുരം സ്വദേശി വണ്ണാൻകണ്ടി താഴെ മുഹമ്മദ് ശഹാസ്, ചെറുമോത്ത് സ്വദേശി പി.സി.
മുഹമ്മദ് സിനാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ നേതൃത്വത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഈ അറസ്റ്റുകൾ.
എസ്ഐ കെ.കെ. സുരേഷ് ബാബുവും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
കേസിൽ കണ്ടാലറിയാവുന്ന മറ്റ് ആറ് പേരെക്കൂടി ഇനി പിടികൂടാനുണ്ടെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

