തൃശൂർ: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും തൃശൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന ബേബി ജോൺ അന്തരിച്ചു. 74 വയസ്സായിരുന്നു.
ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇടതുപക്ഷ പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന ബേബി ജോൺ, 1969 മുതൽ പാർടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുതുടങ്ങി.
തുടർന്ന് 1971ൽ പാർടി അംഗമായി മാറിയ അദ്ദേഹം, പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റി ഭാരവാഹി എന്നീ നിലകളിൽ സംഘടനാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. തൊഴിലാളി മേഖലയിലും അദ്ദേഹം ശക്തമായ നേതൃത്വം നൽകിയിട്ടുണ്ട്.
സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറിയായും ബീഡിത്തൊഴിലാളി യൂണിയന്റെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തിൽ നിർണായക ചുമതലകൾ വഹിച്ച അദ്ദേഹം, 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയിരുന്നു.

