ഗൾഫ് രാജ്യങ്ങളുമായി സുപ്രധാന ചർച്ചകൾ നടക്കാനിരിക്കെ നിർണായക പ്രഖ്യാപനവുമായി ടെഹ്റാൻ രംഗത്ത്. ഹോർമൂസ് കടലിടുക്കിൽ പുതിയതായി തുറക്കുന്ന പാതയുടെ മാപ്പും അനുബന്ധ വിവരങ്ങളും ഗൾഫ് രാജ്യങ്ങൾക്ക് കൈമാറുമെന്നാണ് ഇറാന്റെ ഔദ്യോഗിക പ്രഖ്യാപനം.
ഹോർമൂസ് വിഷയത്തെ കേന്ദ്രീകരിച്ചായിരിക്കും നാളത്തെ ഉന്നതതല ചർച്ചകളെന്ന് അധികൃതർ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങൾക്ക് മുന്നിൽ ഹോർമൂസ് ജലപാത പൂർണ്ണമായി തുറന്നുകൊടുക്കുമോ എന്ന ചോദ്യത്തിലാണ് നിലവിൽ ലോകരാഷ്ട്രങ്ങളുടെയെല്ലാം കണ്ണുകൾ.
ഈ ചർച്ചകൾ വിജയകരമായാൽ ഗൾഫ് മേഖല നിലവിൽ നേരിടുന്ന വലിയ പ്രതിസന്ധികൾക്ക് വിരാമമായേക്കാം. എന്നാൽ, ഗൾഫ് രാജ്യങ്ങൾ ഇറാനുമായി കൈകോർത്താലും അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ പിൻവലിക്കാൻ തയ്യാറാകുമോ എന്ന കാര്യത്തിലും ആശങ്ക നിലനിൽക്കുന്നുണ്ട്.
നാളത്തെ നിർണായക യോഗത്തിൽ ബഹറൈൻ പങ്കെടുക്കില്ലെന്നാണ് വിവരം. ബ്രിക്സ് വേദിയിൽ ഇറാൻ പ്രസിഡന്റ് നടത്തിയ സന്തുലിതമായ പ്രസ്താവനകൾ അവഗണിക്കാനാകില്ലെന്ന് യുഎഇയുടെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.
അൻവർ ഗർഗാഷ് വ്യക്തമാക്കിയത് നയതന്ത്രതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഹോർമൂസിൽ ഒമാനുമായി സഹകരിച്ച് തുറക്കുന്ന പുതിയ യാത്രാപാതയുടെ വിവരങ്ങളാണ് ഇറാൻ പ്രധാനമായും ഗൾഫ് രാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക.
ഗൾഫിലെ തീരപ്രദേശങ്ങളും സമുദ്രവും ഇറാനെക്കൂടി ഉൾപ്പെടുത്തി സംയുക്തമായി കൈകാര്യം ചെയ്യണമെന്ന നിർദേശമാണ് ഒമാൻ ഇതിനിടെ മുന്നോട്ടുവെച്ചിട്ടുള്ളത്. അതിനിടെ, മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഹോർമൂസ് മേഖലയിൽ രണ്ട് കപ്പലുകൾ കൂടി ആക്രമണത്തിന് ഇരയായി. ഇതിൽ ഒരു കപ്പൽ ഇറാന്റെ ഖേഷം തീരത്തുവെച്ചും മറ്റേത് ഒമാനോട് ചേർന്നുള്ള കടലിലുമാണ് ആക്രമിക്കപ്പെട്ടത്.
ഇതിനുപുറമെ, ചെങ്കടലിലെ ബാബ് അൽ മന്ദ്ബ് മേഖല പൂർണ്ണമായും കൈക്കലാക്കി ഹൂത്തികൾ തങ്ങളുടെ സ്വാധീനം ശക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യയിലെ ജസാനിൽ തുവൽ മേഖലയിലുണ്ടായ ഹൂത്തി ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
മേഖലയിലെ സങ്കീർണ്ണമായ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങൾക്കിടയിലാണ് നിർണായകമായ ഗൾഫ്-ഇറാൻ ചർച്ചകൾക്ക് കളമൊരുങ്ങിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

