പാർലമെന്റിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്ന് മാറ്റിയതിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നതിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ആലപിച്ച പ്രശസ്തമായ ഗാനത്തെച്ചൊല്ലി വിവാദം കനക്കുന്നു. താൻ രചിച്ച “കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം…” എന്ന ജനപ്രിയ ഗാനം സഭയിൽ പാടിയെങ്കിലും, അതിന്റെ രചയിതാവായ തന്റെ പേര് പരാമർശിക്കാൻ കേന്ദ്രമന്ത്രി തയാറായില്ലെന്ന് വ്യക്തമാക്കി പ്രമുഖ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി രംഗത്തെത്തി.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ അമർഷം പരസ്യമാക്കിയത്. തന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയായിരുന്നു ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം.
ഗാനാലാപനത്തിന് തൊട്ടുമുമ്പ് വയലാർ രാമവർമ്മയുടെയും ജി. ദേവരാജന്റെയും പേരുകൾ സുരേഷ് ഗോപി പരാമർശിച്ചിരുന്നു.
അതിനാൽത്തന്നെ, താൻ പാടിയ ഈ ഗാനവും വയലാർ രചിച്ചതാണെന്ന് സഭയിലുള്ളവരും ജനങ്ങളും തെറ്റിദ്ധരിക്കട്ടെയെന്ന ഉദ്ദേശമാണോ കേന്ദ്രമന്ത്രിക്കുണ്ടായിരുന്നതെന്ന് അദ്ദേഹം പരിഹാസരൂപേണ ചോദിച്ചു. ‘ഒരു മഹാകവി’ എന്ന അവ്യക്തമായ വിശേഷണത്തിൽ തന്റെ പേര് ഒതുക്കുകയാണ് മന്ത്രി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തന്റെ സിനിമാജീവിതത്തിന്റെ ആദ്യകാലഘട്ടത്തിൽ താൻ നൽകിയ പിന്തുണയും അവസരങ്ങളും സുരേഷ് ഗോപി ബോധപൂർവ്വം മറന്നതാണോ എന്നും കുറിപ്പിൽ ഓർമ്മിപ്പിക്കുന്നുണ്ട്. മോഹൻലാൽ നായകനായ ‘യുവജനോത്സവം’ എന്ന ചിത്രത്തിൽ, അതുവരെ ചെറിയ വേഷങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന അദ്ദേഹത്തെ പ്രധാന വില്ലൻ കഥാപാത്രമാക്കി മാറ്റിയത് താനാണെന്ന് ശ്രീകുമാരൻ തമ്പി വ്യക്തമാക്കുന്നു.
തുടർന്ന് നായകനാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ഐ.വി. ശശി സംവിധാനം ചെയ്ത ‘അക്ഷരത്തെറ്റ്’ എന്ന സിനിമയിൽ അദ്ദേഹത്തെ നായകനാക്കാൻ താൻ നിർബന്ധം പിടിക്കുകയായിരുന്നുവെന്നും, അങ്ങനെയാണ് അദ്ദേഹം ആദ്യമായി നായകനായി മാറുന്നതെന്നും കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.
“ആരിൽ നിന്നും നന്ദി പ്രതീക്ഷിക്കേണ്ട എന്ന സത്യവും എനിക്കറിയാം” എന്ന് കുറിച്ചുകൊണ്ട് മന്ത്രിയുടെ നിലപാടിനെ അദ്ദേഹം കടന്നാക്രമിച്ചു.
കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഭൂതകാലത്തെ കാര്യങ്ങളെല്ലാം മറന്നിട്ടുണ്ടാകാമെങ്കിലും, ഈ 86-ാം വയസ്സിലും തന്റെ ഓർമ്മശക്തിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രി ഈ ‘മറവിരോഗത്തിൽ’ നിന്നും എത്രയും പെട്ടെന്ന് രക്ഷപ്പെടട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പരിഹസിച്ചു.
തന്റെ മറ്റൊരു പ്രശസ്തമായ ഗാനമായ “ബന്ധുവാര് ശത്രുവാര്, ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ…” എന്ന വരികളും പേര് പറയാതെതന്നെ മന്ത്രിക്ക് ഭാവിയിൽ ഉദ്ധരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം താഴെ നൽകുന്നു: “ബഹുമാനപ്പെട്ട
കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ഗോപി ഇന്ന് പാർലമെന്റിൽ നമ്മുടെ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് പൂർണ്ണമായി അംഗീകരിക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിക്കുന്നതിനിടയിൽ ‘കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം..’ എന്ന ഗാനം പാടി അഭിമാനപുളകിതനായി.
എം ടി വാസുദേവൻ നായർ, ജോൺസൺ, വയലാർ, ജി. ദേവരാജൻ തുടങ്ങിയ മലയാളികളായ പ്രഗത്ഭരെ അനുസ്മരിച്ച് സാഹിത്യത്തിലും സംഗീതത്തിലുമുള്ള തന്റെ താല്പര്യം അദ്ദേഹം വെളിവാക്കുകയും ചെയ്തു.
എന്നാൽ അദ്ദേഹം പാടിയ “കേരളം… കേരളം” എന്ന പാട്ട് എഴുതിയ ശ്രീകുമാരൻ തമ്പി എന്ന അടിയന്റെ പേര് പറയാൻ തയ്യാറായില്ല. ഒരു പക്ഷെ എന്റെ പേര് അദ്ദേഹത്തിന്റെ നാവിന് വഴങ്ങില്ലായിരിക്കും.
പകരം ‘ഒരു മഹാകവി’ എന്ന ലേബലിൽ എന്നെ ഒതുക്കി. പാട്ട് പാടുന്നതിനു മുൻപ് വയലാർ, ദേവരാജൻ എന്നീ പേരുകൾ പറഞ്ഞതിൽ നിന്ന് ഈ ഗാനവും വയലാർ എഴുതിയത് എന്ന് ജനങ്ങൾ ധരിച്ചോട്ടെ എന്ന് ആ ശുദ്ധഹൃദയൻ വിചാരിച്ചു കാണും.
കേരളത്തെക്കുറിച്ചുള്ള ഒരു മികച്ച ഗാനമായി എല്ലാ മലയാളികളും അംഗീകരിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ രചയിതാവായ എന്റെ പേര് ആ നല്ല അവസരത്തിൽ പറയാതിരിക്കാൻ സുരേഷ് ഗോപിക്ക് രണ്ടു മൂന്നു കാരണങ്ങൾ ഉണ്ട്. മോഹൻലാലിനെ നായകനാക്കി ഞാൻ സ്വന്തമായി നിർമ്മിച്ചു സംവിധാനം ചെയ്ത ‘യുവജനോത്സവം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ അതുവരെ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചിരുന്ന സുരേഷ് ഗോപിയെ ഞാൻ പ്രധാന വില്ലനാക്കി.
നായകനാകാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചപ്പോൾ ഞാൻ തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതി ഐ വി ശശി സംവിധാനം ചെയ്ത ‘അക്ഷരത്തെറ്റ്’ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയെ നായകനാക്കണമെന്ന് ഞാൻ നിർബന്ധമായി ശശിയോട് പറഞ്ഞു. സുരേഷ് ഗോപി ആദ്യമായി നായകനായി വന്നത് ‘അക്ഷരത്തെറ്റ്’ എന്ന ചിത്രത്തിൽ ആണ്.
അന്ന് ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു പ്രശസ്തനായ ഒരു യുവനായകനായിരുന്നു ഐ വി ശശിയുടെ മനസ്സിൽ. എന്നാൽ എന്റെ അഭ്യർത്ഥന മാനിച്ച് ശശി സുരേഷ് ഗോപിയെ തന്നെ നായകനാക്കി.
‘അക്ഷരത്തെറ്റ്’ റിലീസ് ആയ ദിവസം സുരേഷ് ഗോപിയുടെ അമ്മ കൊല്ലത്തെ ഒരു തീയേറ്ററിൽ സിനിമ കണ്ടതിനു ശേഷം എന്നെ ഫോണിൽ വിളിച്ച് ആ കുടുംബത്തിന്റെ നന്ദിയും കടപ്പാടും അറിയിച്ചത് ഞാൻ ഇന്നും ഓർക്കുന്നു. ആരിൽ നിന്നും നന്ദി പ്രതീക്ഷിക്കണ്ട
എന്ന സത്യവും എനിക്കറിയാം. കേന്ദ്രമന്ത്രി ആയ സുരേഷ് ഗോപി ഇതൊക്കെ മറന്നു കാണും.
പക്ഷെ ഈ എൺപത്താറാം വയസ്സിലും എന്റെ ഓർമ്മശക്തിക്കു കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. എന്നെക്കാൾ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തിൽ നിന്ന് രക്ഷ പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
“ബന്ധുവാര് ശത്രുവാര്
ബന്ധനത്തിൻ നോവറിയും
കിളിമകളേ പറയൂ…”
ഇതും എന്റെ വരികളാണ്. എന്റെ പേര് പറയാതെ സുരേഷ് ഗോപി ഈ വരികളും ഇടയ്ക്ക് ഉദ്ധരിക്കുന്നത് നല്ലതാണ്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

