യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി രഹസ്യകേന്ദ്രത്തിൽ തടങ്കലിൽ പാർപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ രണ്ടുപേരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ മട്ടന്നൂർ തില്ലങ്കേരി പാളിയപറമ്പ് സ്വദേശിയായ ജിഷ്ണു ജയൻ (26), കോഴിക്കോട് പറമ്പിൽ ബസാർ കൊണോട്ട് കുറ്റിയിൽ ഹൗസിൽ കെ.അതുൽ (30) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കേസിൽ ഉൾപ്പെട്ട
യുവതിയടക്കമുള്ള മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി അധികൃതർ വ്യക്തമാക്കി. ദുബായിൽ ജോലി ചെയ്തുവരികയായിരുന്ന മലാപ്പറമ്പ് സ്വദേശിയായ യുവാവാണ് ഈ അതിക്രമത്തിന് ഇരയായത്.
നാട്ടിലേക്ക് മടങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് സംഭവം. സുഹൃത്തിനെ കാണാൻ ബെംഗളൂരുവിൽ എത്തിയതായിരുന്നു പരാതിക്കാരനായ യുവാവ്.
കഴിഞ്ഞ മാസം 24-ാം തീയതി ഫ്ലാറ്റിൽ അതിക്രമിച്ചുകടന്ന ആറംഗ സംഘം ഒരു യുവതിയുടെ പേര് പറഞ്ഞുകൊണ്ട് കാറിൽ ബലമായി പിടിച്ചുകയറ്റി കടത്തിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് കോഴിക്കോട് പയിമ്പ്ര ചാലിത്താഴത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് ദിവസങ്ങളോളം ക്രൂരമായി തടവിൽ പാർപ്പിച്ചു.
ഈ സമയത്ത് യുവാവിന്റെ ഫോൺ ഉപയോഗിച്ച് നഗ്നഫോട്ടോകൾ നിർബന്ധപൂർവം എടുത്ത ശേഷം വീട്ടിലുണ്ടായിരുന്ന അമ്മയുടെ ഫോണിലേക്ക് അയച്ചുകൊടുക്കുകയും എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. തടവിൽ കഴിഞ്ഞിരുന്ന രഹസ്യ താവളത്തിൽ നിന്നും ഈ മാസം നാലാം തീയതി തന്ത്രപരമായി രക്ഷപ്പെട്ട
യുവാവ് നേരെ പൊലീസിൽ എത്തി പരാതി നൽകുകയായിരുന്നു. കാറിന്റെ ഡിക്കിയിൽ അടച്ചുപൂട്ടിയാണ് ഇയാളെ കോഴിക്കോട്ടേക്ക് എത്തിച്ചത്.
തുടർന്ന് ഹോക്കി സ്റ്റിക്കുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് മർദ്ദിക്കുകയും കത്തിയുപയോഗിച്ച് ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കുകയും ചെയ്തതായി യുവാവ് മൊഴി നൽകിയിട്ടുണ്ട്. കേസിൽ ഒന്നാം പ്രതിയായ 21 വയസ്സുള്ള യുവതിയുമായി യുവാവിന് മുൻപും സൗഹൃദമുണ്ടായിരുന്നു.
യുവതിയുടെ നിലവിലെ പങ്കാളിയാണ് ഇതിന് പിന്നിലെന്നാണ് ആദ്യം കരുതിയതെങ്കിലും, യുവതിയുടെകൂടി വ്യക്തമായ ഗൂഢാലോചന ഇതിലുണ്ടെന്ന് പിന്നീട് വ്യക്തമായതായി യുവാവ് അറിയിച്ചു. അതേസമയം, തനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കേസിൽ പ്രതിയായ യുവതിയും രംഗത്ത് വന്നിരുന്നു.
തന്റെ സൗഹൃദം ദുരുപയോഗം ചെയ്ത് യുവാവ് നഗ്നദൃശ്യങ്ങൾ പകർത്തുകയും അത് പണത്തിനായി കൈമാറുകയും ചെയ്തുവെന്നും എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ ഉപയോഗിക്കുന്ന യുവാവ് തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്നുമാണ് യുവതിയുടെ വാദം. എന്നാൽ തന്റെ ഭാഗത്ത് അത്തരം ലഹരി ഉപയോഗങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും എതുതരം പരിശോധനയ്ക്കും താൻ തയ്യാറാണെന്നുമാണ് പരാതിക്കാരന്റെ നിലപാട്.
പരാതിക്കാരനായ യുവാവിനെതിരെ മുൻപ് പോക്സോ നിയമപ്രകാരം പരാതികൾ വന്നിട്ടുണ്ടെങ്കിലും അതിൽ യാതൊരുവിധ തെളിവുകളും കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. നിലവിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്നും മറ്റ് പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ പി. പ്രമോദിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കേസിന്റെ അന്വേഷണ നടപടികൾ മുന്നോട്ട് പോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

