അമേരിക്കയുമായുള്ള വ്യാപാരക്കരാറിന്റെ കാര്യത്തിൽ അനാവശ്യമായ ധൃതി കാണിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യ. കരാർ വേഗത്തിലാക്കണമെന്ന യുഎസിന്റെ താൽപ്പര്യത്തോട് ഇന്ത്യ വിയോജിപ്പ് പ്രകടിപ്പിച്ചതായും, ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി.
നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാറുകളിൽ ഇന്ത്യ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. ന്യൂസിലൻഡ്, യുകെ തുടങ്ങിയ രാജ്യങ്ങളുമായുള്ള ധാരണകളും കാനഡയുമായുള്ള ചർച്ചകളും ഇന്ത്യയുടെ ആഗോള സാമ്പത്തിക സ്വാധീനമാണ് വ്യക്തമാക്കുന്നത്.
കയറ്റുമതി രംഗത്തെ ഉദാരവൽക്കരണവും തീരുവ കുറയ്ക്കലും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യുഎസിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടികൾ ഉണ്ടാകണമെന്നത് ഇന്ത്യയുടെ ആവശ്യമാണ്. ഇക്കാര്യത്തിൽ പ്രതികരിച്ച പീയുഷ് ഗോയൽ, യുഎസുമായുള്ള ചർച്ചകൾ ക്രിയാത്മകമായി മുന്നോട്ടുപോകുകയാണെന്ന് അറിയിച്ചു.
“ഇരു രാജ്യങ്ങൾക്കും ഗുണകരവും സന്തുലിതവും വാണിജ്യപരമായി നേട്ടമുറപ്പാക്കാവുന്നതുമായ ഡീലാണ് യാഥാർഥ്യമാവുക. ബിസിനസ് സംരംഭങ്ങൾ, കർഷകർ, തൊഴിലാളികൾ, ഉപഭോക്താക്കൾ എന്നിവരുടെ സംരക്ഷണം ഉറപ്പാക്കും” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറാണെങ്കിൽ മാത്രമേ കരാർ ഒപ്പിടുകയുള്ളൂ എന്നതാണ് നിലവിലെ നയം. പശ്ചിമേഷ്യയിലെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) ഇന്ത്യയുടെ കയറ്റുമതിയിൽ 15 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ യുഎസിലേക്കുള്ള കയറ്റുമതിയും ഉൾപ്പെടുന്നു. അതേസമയം, സെക്ഷൻ 301 പ്രകാരമുള്ള അന്വേഷണങ്ങളുടെ പേരിൽ ഇന്ത്യയ്ക്കു മേൽ 12.5% അധികത്തീരുവ ചുമത്താനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
വിഷയത്തിൽ ഉഭയകക്ഷി ബന്ധത്തിന് വിഘാതമാകുന്ന രീതിയിലുള്ള നടപടികൾ ഒഴിവാക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

