പത്തനംതിട്ടയിൽ യൂട്യൂബർ രാജൻ ജോസഫിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവിക്കുഞ്ഞമ്മ രംഗത്ത്. ഇത്തരത്തിലുള്ള വീഡിയോകൾ നിർമ്മിക്കുന്നവർ അടൂരിൽ എത്തിയാൽ മർദ്ദനം നേരിടേണ്ടി വരുന്നത് സ്വാഭാവികമാണെന്നും, അത് അവരുടെ തന്നെ പ്രവൃത്തിയുടെ ഫലമാണെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് ശ്രീനാദേവിക്കുഞ്ഞമ്മയുടെ വാക്കുകൾ ഇങ്ങനെ:
“25-ലധികം വീഡിയോകളാണ് അയാൾ എനിക്കെതിരേ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏഴുവർഷമായി യൂട്യൂബ് ചാനലുകൾ വളർന്നുവരുന്നു.
മുഖ്യധാര മാധ്യമങ്ങളും അതിന്റെ നിലവാരമുള്ള യൂട്യൂബ് മാധ്യമങ്ങളുമുണ്ട്. എന്നാൽ, അതിനെയെല്ലാം വെല്ലുവിളിച്ച് കേവലം വരുമാനം നേടുക, എന്തുപറഞ്ഞും വ്യൂവേഴ്സിനെ കൂട്ടുക.
അതിലൂടെ വരുമാനം നേടുക, അതിലൂടെ ആഹാരം കഴിക്കുക എന്ന ശൈലി ഏതെങ്കിലും യൂട്യൂബ് ചാനലുകൾ മുന്നോട്ടുവെയ്ക്കുന്നുണ്ടെങ്കിൽ ഉറപ്പായിട്ടും അതിനെതിരേ നിയമനടപടി സ്വീകരിക്കും. എന്നെ രാഷ്ട്രീയമായി വിമർശിക്കാൻ ആർക്കും അധികാരമുണ്ട്.
ആർക്കും വിമർശിക്കാം. പക്ഷേ, അത് രാഷ്ട്രീയപരമാകണം.
സത്യസന്ധമായിരിക്കണം. അതിന് മറുപടി പറയാനും ബാധ്യസ്ഥയാണ്.
പക്ഷേ, അതിനെല്ലാം അപ്പുറം വ്യക്തിപരമായി തേജോവധം ചെയ്യുക എന്നരീതിയിൽ, സ്ത്രീത്വത്തെ അപമാനിക്കുന്നരീതിയിൽ ചെയ്യരുത്. സ്ത്രീത്വത്തെ അപമാനിക്കുന്ന ഏതെങ്കിലും ഒരു വാക്കിന്റെ പേരിലല്ല, മറിച്ച് പത്തും പതിനഞ്ചും മിനിറ്റ് ദൈർഘ്യമുള്ള 25-ലധികം വീഡിയോസാണ് ചെയ്തിരിക്കുന്നത്.
അതിലുടനീളം വ്യക്തിഹത്യ നടത്തുക. സ്ത്രീത്വത്തെ അപമാനിക്കുക.
അതെല്ലാം ചെയ്തവരാണ് ഈ യൂട്യൂബേഴ്സ്. പക്ഷേ, അവർ ഇതിനെ വിലയിരുത്തുക അത്രയും റീച്ച് കിട്ടിയെന്ന മനോനിലവാരത്തോടെയാകും.
ഇത്തരക്കാർക്കെതിരേ നിയമം കർശനമാക്കണം. ഞാൻ സിപിഐയുടെ ഭാഗമായിരിക്കെയാണ് ആദ്യവീഡിയോ ചെയ്യുന്നത്.
മുൻ ജില്ലാ സെക്രട്ടറിക്കെതിരേ ഞാൻ പരാതി കൊടുത്തതിന്റെ വീഡിയോ. എന്നെ വ്യക്തിഹത്യ ചെയ്താണ് അതിൽ തുടക്കം.
ഇയാളെ ഞാൻ ആദ്യമായി കാണുന്നത് അടൂർ സ്റ്റേഷനിലെ ലോക്കപ്പിൽ നിലത്തിരിക്കുന്നനിലയിലാണ്.” രാജൻ ജോസഫിനെ ജാമ്യത്തിലിറക്കാൻ സിപിഎം പ്രാദേശിക നേതാക്കൾ എത്തിയതിനെതിരെയും ശ്രീനാദേവിക്കുഞ്ഞമ്മ വിമർശനം ഉന്നയിച്ചു. “സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വവും പ്രാദേശിക നേതൃത്വവും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണം.
സിപിഎം അടൂർ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമാണ് രാജൻ ജോസഫിനെ ഇന്നലെ ജാമ്യത്തിലിറക്കാൻ എത്തിയത്. സിപിഎമ്മിന്റെ അടൂരിലെ പാർട്ടി വക്കീൽ ജാമ്യത്തിനായി ഹാജരായി എന്ന് പറയാൻ ആഗ്രഹിക്കുന്നില്ല.
കാരണം അത് അദ്ദേഹത്തിന്റെ പ്രൊഫഷനാണ്. എന്നാൽ, സിപിഎം നേതാക്കൾ വന്ന് ജാമ്യമെടുത്തിട്ടുണ്ടെങ്കിൽ സിപിഎമ്മിന്റെ സംസ്ഥാന, പ്രാദേശിക നേതൃത്വം ഈ യൂട്യൂബേഴ്സിന് അനുകൂല നിലപാടുള്ളവരാണോ എന്ന് വ്യക്തമാക്കണം.
കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പിപി ദിവ്യ കണ്ണൂർ കണ്ണപുരത്ത് രാജൻ ജോസഫിനെതിരേ പരാതി നൽകിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയാണ് അത്.
മുഹമ്മദ് റിയാസിനെയും എളമരം കരീമിനെയും വികലമായി ചിത്രീകരിച്ച വീഡിയോയുമുണ്ട്. ഇതിനെ സിപിഎം അനുകൂലിക്കുന്നുണ്ടോ എന്നതും വ്യക്തമാക്കണം,” അവർ കൂട്ടിച്ചേർത്തു.
തന്നെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ എറണാകുളത്തുനിന്നാണ് രാജൻ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അടൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇയാൾക്ക് നേരെ കൈയേറ്റം നടത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

