നൂറനാട് പൊലീസ് സ്റ്റേഷൻ പരിസരം വൃത്തിഹീനമായി കിടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന്, പാലമേൽ പഞ്ചായത്ത് അധികൃതർ സ്റ്റേഷന് 2000 രൂപ പിഴ ചുമത്തി. കഴിഞ്ഞ മാസം 30-ാം തീയതി പഞ്ചായത്ത് നടത്തിയ പരിശോധനയിലാണ് സ്റ്റേഷൻ പരിസരത്തെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.
സ്റ്റേഷൻ വളപ്പിലെ സെപ്റ്റിക് ടാങ്ക് തകരാറിലായതിനെ തുടർന്ന് കൊതുകുകൾ ഉൾപ്പെടെയുള്ള കീടങ്ങൾ പെരുകുന്ന സാഹചര്യം നിലനിൽക്കുന്നതായി അധികൃതർ വിലയിരുത്തി. കൂടാതെ, സ്റ്റേഷന് പിന്നിൽ മാലിന്യ സംസ്കരണത്തിനായി സജ്ജീകരിച്ചിരുന്ന ടാങ്കിൽ വെള്ളം കെട്ടിക്കിടക്കുകയും, മാലിന്യങ്ങൾ അഴുകി ദുർഗന്ധം വമിക്കുകയും ചെയ്യുന്നതായും പരിശോധനയിൽ കണ്ടെത്തി.
ഈ സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്താൻ നേരത്തെ തന്നെ പഞ്ചായത്ത് അധികൃതർ സ്റ്റേഷന് കത്ത് നൽകിയിരുന്നു. എന്നാൽ, നിർദേശങ്ങൾ പാലിക്കാൻ തയാറാകാത്തതിനാലാണ് പിഴ ചുമത്താൻ പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിച്ചത്.
പിഴ തുക ഏഴ് ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ അടയ്ക്കണമെന്നാണ് നിർദേശം. നിശ്ചിത സമയപരിധിക്കുള്ളിൽ തുക അടയ്ക്കാത്ത പക്ഷം, വസ്തു നികുതി കുടിശിക ഈടാക്കുന്ന രീതിയിൽ ആർആർ (RR) നടപടികളിലേക്ക് കടക്കുമെന്നും പഞ്ചായത്ത് നൽകിയ ഔദ്യോഗിക കത്തിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

