മലയാള സിനിമയിൽ വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ദൃശ്യം 3’. ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളും വലിയ വിജയങ്ങൾ കൈവരിച്ച സാഹചര്യത്തിൽ ജോർജുകുട്ടിയുടെ മടങ്ങിവരവിനായി സിനിമാലോകം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി നൽകിയ അഭിമുഖത്തിൽ നടി എസ്തർ അനിൽ പങ്കുവെച്ച ചില പഴയകാല ഓർമ്മകൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.
‘ദൃശ്യം’ തമിഴ് പതിപ്പിന്റെ ചിത്രീകരണ വേളയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച പ്രണവ് മോഹൻലാലിനെക്കുറിച്ചാണ് എസ്തർ വാചാലയായത്. എസ്തറിന്റെ വാക്കുകൾ ഇങ്ങനെ: “കേരളത്തിലാണ് നമ്മൾ ഷൂട്ട് ചെയ്യുന്നത്.
പക്ഷേ തമിഴ് ക്രൂ ആയിരുന്നു കൂടുതലും. മോഹൻലാലിന്റെ മകൻ സെറ്റിലുണ്ടെന്ന് അവർ കേട്ടു.
പ്രണവിനെ കാണാനായി അവർ ഭയങ്കര എക്സൈറ്റഡ് ആയി. അങ്ങനെ അവർ കണ്ടുപിടിക്കാനായി ഇങ്ങനെ പോവുകയാണ്.
എന്ത് ചെയ്തിട്ടും കാണുന്നില്ല. പിന്നെ ഒരു ചേട്ടനോട് ചോദിച്ചപ്പോ അയാൾ കാണിച്ചുകൊടുത്തു.
നിലത്ത് ഇരിപ്പുണ്ടായിരുന്നു. ഒരു കീറിയ ഷർട്ട് ഒക്കെ ഇട്ടിട്ട്.
എനിക്ക് തോന്നുന്നു ലാൽ അങ്കിൾ ഇട്ട ഷർട്ട് എന്തോ ആണ് പ്രണവ് ഇട്ടിരുന്നത്.
ഇവർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഇതാണ് മോഹൻലാലിന്റെ മകനെന്ന്. ലാൽ അങ്കിൾ ജാക്വറിന്റെ കാർ ഒക്കെ കൊടുത്തുവിട്ടിട്ടുണ്ടായിരുന്നു.
അത് ജീത്തു അങ്കിളായിരുന്നു ഓടിച്ചുകൊണ്ടിരുന്നത്. അപ്പു ട്രാവലറിൽ ഒക്കെ പോകുന്നത് കാണാമായിരുന്നു.
കുറച്ച് സംസാരം മാത്രമേ അന്ന് പ്രണവുമായി ഉണ്ടായിട്ടുള്ളൂ. ഒരുപാട് സംസാരിക്കില്ലായിരുന്നു.
ഞാനും ചെറുതായിരുന്നു.” കൂടാതെ, തന്റെ പേരിനെക്കുറിച്ച് മോഹൻലാലുമായുണ്ടായ രസകരമായ അനുഭവവും എസ്തർ പങ്കുവെച്ചു. “ഒരു പ്രാവശ്യം ഞാൻ ചോദിച്ചു, പുള്ളിയുടെ ഒരു ഗേൾഫ്രണ്ടിന്റെ പേര് എസ്തർ എന്നായിരുന്നു.
അത് ലാൽ അങ്കിൾ പറഞ്ഞ് എനിക്കറിയാം. ഒരുനാൾ വരും എന്ന എന്റെ രണ്ടാമത്തെ ചിത്രത്തിൽ ലാൽ അങ്കിളിന്റെ മകൾ ആയിട്ടായിരുന്നു ഞാൻ അഭിനയിച്ചിരുന്നത്.
എസ്തർ എന്ന പേര് മലയാള സിനിമയിൽ ആർക്കും ഇല്ല, അങ്ങനെ ഈ പേര് മാറ്റുന്ന ഒരു പരിപാടിയുണ്ടായിരുന്നു പണ്ട്. മണിയൻപിള്ള രാജു അങ്കിൾ ലാലേട്ടന്റെ അടുത്ത കൊണ്ടുപോയി.
പേര് മാറ്റാനോ എന്താ ചെയ്യേണ്ടേ എന്ന് ചോദിച്ചു. ലാൽ അങ്കിൾ പേര് ചോദിച്ചപ്പോ ഞാൻ എസ്തർ എന്ന് പറഞ്ഞു.
അപ്പോഴാണ് ലാൽ അങ്കിൾ പറയുന്നത്- ‘ആ നല്ല പേരല്ലേ, അപ്പുവിന്റെ ഗേൾഫ്രണ്ടിന്റെ പേര് എസ്തർ എന്നായിരുന്നു, സൂപ്പർ പേരല്ലേ, അത് വച്ചോളൂ എന്ന് പറഞ്ഞു.” ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു എസ്തർ അനിൽ ഈ വിശേഷങ്ങൾ പങ്കുവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

