അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ തലേദിവസം തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പെൺകുഞ്ഞിനെ കണ്ടെത്തി.
ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിങ്ഗേലിന്റെ സ്മരണാർത്ഥം കുട്ടിക്ക് ” നൈല” എന്ന് നാമകരണം ചെയ്തതായി സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ട് 6.15-ഓടെയാണ് പത്ത് ദിവസം പ്രായമുള്ളതും 2.64 കിലോഗ്രാം ഭാരവുമുള്ള കുഞ്ഞിനെ സമിതി അധികൃതർക്ക് ലഭിക്കുന്നത്. ഉടൻ തന്നെ കുഞ്ഞിനെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ കുട്ടി പൂർണ്ണ ആരോഗ്യവതിയാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്തെ വിവിധ അമ്മത്തൊട്ടിലുകൾ വഴി 104 കുട്ടികളാണ് സംരക്ഷണത്തിനായി എത്തിയത്.
ഇക്കാലയളവിൽ 226 കുട്ടികൾക്ക് ദത്ത് നൽകാനും സമിതിക്ക് സാധിച്ചു. നൈലയുടെ ദത്തെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കാനിരിക്കുകയാണ്.
കുഞ്ഞിന്റെ അവകാശികളായി ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജി.എൽ. അരുൺ ഗോപി നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

