കൊല്ലം ജില്ലയിലെ ദേശീയപാതയിൽ അരമണിക്കൂർ പെയ്യുന്ന വേനൽമഴയിൽ പോലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവായിരിക്കുകയാണ്. ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെയുള്ള മേഖലകളിൽ അനുഭവപ്പെടുന്ന ഈ പ്രതിസന്ധി അശാസ്ത്രീയമായ നിർമാണരീതിയുടെ ഫലമാണെന്ന വിമർശനം ശക്തമാണ്.
ചാത്തന്നൂർ, പാരിപ്പള്ളി, കല്ലുവാതുക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞദിവസം പെയ്ത മഴയിൽ റോഡ് പൂർണമായും വെള്ളത്തിനടിയിലായിരുന്നു. മുൻകാലങ്ങളിൽ ദേശീയപാതയുടെ കിഴക്ക് ഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം കലുങ്കുകൾ വഴി പടിഞ്ഞാറേക്ക് സുഗമമായി ഒഴുകിപ്പോയിരുന്നു.
എന്നാൽ, നിലവിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പഴയ കലുങ്കുകൾ നീക്കം ചെയ്യുകയും പകരം സ്ഥാപിച്ച കൃത്രിമ ഓടകൾക്ക് പ്രളയജലത്തെ ഉൾക്കൊള്ളാൻ ശേഷിയില്ലാതാവുകയും ചെയ്തതാണ് പ്രതിസന്ധിക്ക് കാരണമായത്. കാവനാട് മുതൽ മേവറം വരെയുള്ള ഭാഗങ്ങളിൽ റോഡ് ഭാഗികമായി അടച്ചിട്ടിരിക്കുന്നതിനാൽ അവിടെയും വെള്ളക്കെട്ടിനുള്ള സാധ്യത കൂടുതലാണെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
വരാനിരിക്കുന്ന കാലവർഷത്തിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവെക്കുന്നു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ചില ഭാഗങ്ങളിൽ ഓടകളുടെ സ്ലാബുകൾ മുറിച്ച് ഗ്രില്ലുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള താൽക്കാലിക സംവിധാനങ്ങൾ കരാർ കമ്പനികൾ പരീക്ഷിക്കുന്നുണ്ട്.
റോഡിൽ വീഴുന്ന വെള്ളം അടിയിലുള്ള കലുങ്കുകളുമായി ബന്ധിപ്പിച്ച് വശങ്ങളിലെ ഓടകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇത് ശാശ്വത പരിഹാരമാകുമോയെന്ന സംശയമുണ്ട്. അടിപ്പാതകളുടെയും പാലങ്ങളുടെയും മുകളിൽ വീഴുന്ന വെള്ളം ആർഇ ഭിത്തിയിലെ പിവിസി പൈപ്പുകളിലൂടെ സർവീസ് റോഡുകളിലേക്കാണ് എത്തുന്നത്.
ഈ വെള്ളം ഓടകളിലേക്ക് മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ സർവീസ് റോഡുകളിലും ഗതാഗത തടസ്സം രൂപപ്പെടും. ഓടകളിലെ സ്ലാബുകളിൽ വെള്ളം ഇറങ്ങാൻ നൽകിയിരിക്കുന്ന സുഷിരങ്ങൾ മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടി അടഞ്ഞ നിലയിലാണ്.
റോഡ് നിരപ്പിൽ നിന്ന് മൂന്നിഞ്ച് ഉയരത്തിലാണ് പാർശ്വ ഭിത്തിയിലെ ഓവുകൾ സ്ഥിതി ചെയ്യുന്നത് എന്നത് റോഡിൽ വെള്ളം കെട്ടിക്കിടക്കാൻ കാരണമാകുന്നു. ചവറ, കരുനാഗപ്പള്ളി, ഓച്ചിറ മേഖലകളിലെ തോടുകളുടെ നവീകരണം പൂർത്തിയാകാത്തതും വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടുന്നു.
ഓച്ചിറ മുതൽ വവ്വാക്കാവ് വരെ നേരെയുണ്ടായിരുന്ന 13 കലുങ്കുകൾക്ക് പകരം എട്ട് ചെറിയ ഓടകൾ മാത്രമാണ് നിലവിലുള്ളത്. കെഎംഎംഎൽ ഫാക്ടറിക്ക് സമീപമുണ്ടായിരുന്ന തോട് സർവീസ് റോഡ് നിർമാണത്തോടെ അപ്രത്യക്ഷമായതും പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

