
രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും പിന്നാലെ വിരമിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി മുതിര്‍ന്ന താരം മുഹമ്മദ് ഷമി. മാധ്യമറിപ്പോര്‍ട്ടിന്റെ സ്ക്രീൻഷോട്ട് ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് ഷമിയുടെ പ്രതികരണം. ഇത്തരം റിപ്പോര്‍ട്ടുകള്‍ തന്റെ ഭാവിയെ ഇല്ലാതാക്കുന്നതാണെന്നും ഇനിയെങ്കിലും തന്നെക്കുറിച്ച് നല്ലത് എഴുതാൻ ശ്രമിക്കുവെന്നും ഷമി കുറിച്ചു. ഹിന്ദിയിലായിരുന്നു താരത്തിന്റെ പ്രതികരണം.
“നന്നായിട്ടുണ്ട് മഹാരാജാവെ, നിങ്ങളുടെ തൊഴിലില്‍ക്കൂടി ശ്രദ്ധിക്കാൻ ശ്രമിക്കുക. എന്നില്‍ മാത്രം കേന്ദ്രീകരിക്കാതെ ഇനി എത്ര ദിവസങ്ങള്‍ അവശേഷിക്കുന്നുണ്ടെന്ന് നോക്കുക. നിങ്ങളെപ്പോലുള്ളവരാണ് എന്റെ ഭാവി നശിപ്പിച്ചത്. വല്ലപ്പോഴും നല്ലകാര്യങ്ങള്‍ സംസാരിക്കാൻ ശ്രമിക്കുക. ഇന്നത്തെ ഏറ്റവും മോശം കഥയാണിത്, എന്നോട് ക്ഷമിക്കുക,” ഷമി കുറിച്ചു.
മേയ് ഏഴിനായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് രോഹിത് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം 12-ാം തീയതി കോലിയും വെള്ളക്കുപ്പായം അഴിച്ചുവെച്ചു. ഇതിന് പിന്നാലെ പല മുതിര്‍ന്ന താരങ്ങളേയും ചേര്‍ത്തുവെച്ച് വിരമിക്കല്‍ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കായികക്ഷമതയുടെ അഭാവം മൂലം രോഹിതിന്റേയും കോലിയുടേയും സ്ഥിതിയായിരിക്കും ഷമിക്കുമെന്ന തരത്തിലായിരുന്നു പ്രചാരണം.
ഷമി സ്വഭാവികമായും ടീമില്‍ ഉള്‍പ്പെടുന്ന ഒരു സ്ഥിതിയിലല്ല നിലവിലെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഷമി മടങ്ങിയെത്തിയിട്ട് മാസങ്ങള്‍ മാത്രമെ പിന്നിടുന്നുള്ളു. പക്ഷേ, പൂര്‍ണമായും താളം കണ്ടെത്താനായിട്ടില്ല. ഇന്ത്യൻ ടീമിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഐപിഎല്‍ പ്രകടനങ്ങള്‍ക്ക് വലിയ പ്രധാന്യം നല്‍കാറില്ല. എന്നാല്‍ ഈ സീസണില്‍ ഐപിഎല്ലിലുടനീളം ഷമിക്ക് തിളങ്ങാനായിട്ടില്ല, സ്പെല്ലിന് ശേഷം വിശ്രമിക്കുന്ന ഷമിയെ പലപ്പോഴും കാണാറുണ്ടെന്നും ബിസിസിഐ പ്രതിനിധി പറയുന്നു.
ചാമ്പ്യൻസ് ട്രോഫിയിലൂടെയായിരുന്നു ഷമി ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് നടത്തിയത്. ഇന്ത്യ കിരീടം നേടിയപ്പോള്‍ ഷമി തിളങ്ങുകയും ചെയ്തിരുന്നു. ഐപിഎല്ലിലേക്ക് എത്തിയപ്പോള്‍ വലം കയ്യൻ പേസര്‍ നിറം മങ്ങി. ഒൻപത് കളികളില്‍ നിന്ന് ആറ് വിക്കറ്റ് മാത്രമാണ് നേടിയത്. ശരാശരി 56 ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]