രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ പ്രഖ്യാപനവുമായി ചലച്ചിത്ര സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ സിപിഐഎമ്മുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി വ്യക്തമാക്കി.
ഏറെ വേദനയോടെയാണ് താൻ വിശ്വസിച്ച പ്രസ്ഥാനത്തിൻ്റെ പടികളിറങ്ങുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘വസന്തത്തിൻ്റെ കനൽ വഴികളിൽ’, ‘വീരവണക്കം’ തുടങ്ങിയ പ്രശസ്തമായ ചലച്ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം.
കഴിഞ്ഞ മൂപ്പതു വർഷത്തിലേറെയായി കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മുൻനിർത്തി യാതൊരുവിധ ലാഭേച്ഛയുമില്ലാതെ നിരവധി സിനിമകളും ഓഡിയോ – വീഡിയോ പ്രോഗ്രാമുകളും അദ്ദേഹം നിർമ്മിച്ചു പുറത്തിറക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്കിടയിൽ കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക നഷ്ടവും കനത്ത കടബാധ്യതകളുമാണ് തനിക്ക് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
സാമ്പത്തികമായി സഹായിച്ചില്ലെങ്കിലും, തന്നെ പിന്തുടർന്ന് ദ്രോഹിക്കുന്ന തരത്തിലുള്ള ക്രൂരമായ സമീപനങ്ങളാണ് ചില കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായത്. ഈ സാഹചര്യത്തിൽ പാർട്ടി ബന്ധവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും, നല്ലവരായ നേതാക്കളോടും സഖാക്കളോടും ക്ഷമ ചോദിച്ചുകൊണ്ട് താൻ ഈ പ്രസ്ഥാനത്തിൻ്റെ പടികളിറങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

